ന്യൂയോര്‍ക്ക്: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി കൂടികാഴ്ചക്ക് തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിങ് ജോങ് ഉന്നുമായുളള കൂടികാഴ്ചയെ ബഹുമതിയായി കരുതുന്നുവെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു.
ട്രംപുമായുളള കൂടികാഴ്ചക്ക് മുമ്പായി ഉത്തര കൊറിയ ക്ക് മേല്‍ നിബന്ധനകള്‍ വക്കുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിക്കുന്നതടക്കമുളള നിബന്ധനകള്‍ അമേരിക്ക മുന്നോട്ട് വെച്ചേക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം ഒരു ടെലി വിഷന്‍ അഭിമുഖത്തില്‍ കിംജോങ് ഉന്നിനെ പ്രകീര്‍ത്തിച്ചതിനു പിന്നാലെയാണ് കൂടികാഴ്ച്ചക്ക സന്നദ്ധ പ്രകടിപ്പിച്ച് ട്രംപ് രംഗത്തെത്തിയത്. കിംജോങ് ഉന്നുമായി കൂടികാഴ്ച നടത്തുന്നത് മൂലം നല്ലത് സംഭവിക്കുമെങ്കില്‍ താന്‍ അതിന് തയ്യാറാകുമെന്നും കൂടികാഴ്ചയെ ഒരു ബഹുമതിയായി കണക്കാക്കുമെന്നുമാണ് ട്രംപ് അഭിമുഖത്തില്‍ പറഞ്ഞത്. അനുകൂലമായ സാഹചര്യങ്ങള്‍ ഉണ്ടായാല്‍ കൂടികാഴ്ച നടക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മറ്റ് ലോക നേതാക്കള്‍ ഇത്തരം കൂടികാഴ്ചക്ക് തയ്യാറാകില്ലന്നും ട്രംപ് പറഞ്ഞു.
ട്രംപിന്റെ പ്രസ്താവനയോട് കരുതലോടെയാണ് പ്രതികരിച്ചത്. സാഹചര്യങ്ങള്‍ അനുകൂലമായാല്‍ എന്ന് പ്രസിഡന്റ് പ്രയോഗിച്ചത് കാര്യങ്ങള്‍ വ്യക്തമാണെന്നും ഇതിനര്‍ത്ഥം ഇപ്പോള്‍ സാഹചര്യങ്ങള്‍ അനുകൂലമല്ലെന്ന് ആണെന്നും വൈറ്റ് ഹൗസ് വക്താവ് ഷോണ്‍ സ്പൈസര്‍ വ്യക്തമാക്കി.
ഏകാധിപതികളോട് മൃദു സമീപനം സ്വീകരിക്കുന്ന ട്രംപിന്റ നിലപാടുകളുടെ തുടര്‍ച്ചയാണ് കിംജോങ് ഉന്നുമായ് കൂടികാഴ്ചക്ക് തയ്യാറാണെന്നുളള പ്രസ്താവനയെന്നാണ് വിലയിരുത്തല്‍. നേരത്തെ കിംജോങ് ഉന്നിനെ ട്രംപ് പ്രകീര്‍ത്തിച്ചിരുന്നു.
യുഎസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നതിന്റെ മുന്‍പ് തന്നെ റഷ്യന്‍ പ്രസിഡന്റ് വ്ളാടിമര്‍ പുടിനുമായുളള ബന്ധം ഏറെ വിവാദമുയര്‍ത്തിയിരുന്നു. ഈജിപ്ഷ്യന്‍ പ്രസിഡന്റിനെയും ഫിലിപ്പൈന്‍ പ്രസിഡന്റിനെയും യുഎസ് സന്ദര്‍ശനത്തിന് ക്ഷണിച്ച ട്രംപിന്റെ നിലപാടുകള്‍ വിവാദമുണ്ടാക്കിയിരുന്നു.