തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ചുളള വെടിക്കെട്ട് സാധാരണ രീതിയില്‍ നടക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍. കേന്ദ്ര എക്സ്പ്ലോസീവ് വിഭാഗത്തില്‍ നിന്നും ഇക്കാര്യത്തില്‍ ഉറപ്പ് കിട്ടിയതായും അദ്ദേഹം പറഞ്ഞു. വൈകിട്ട് നാലുമണിയോടെ നാഗ്പൂരിലെ എക്സ്പ്ലോസീവ് ചീഫ് കണ്‍ട്രോളറുടെ അനുമതി തൃശൂര്‍ കളക്ടര്‍ക്ക് ലഭിക്കും. ചീഫ് കണ്‍ട്രോളര്‍ സാഹു ഇത് സംബന്ധിച്ച് ഉറപ്പ് നല്‍കിയതായും പൂരം ആഘോഷപൂര്‍വം നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്രത്തിന്റെ നിര്‍ദേശ പ്രകാരമുളള വ്യവസ്ഥകളോടെ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്ക് വെടിക്കെട്ടിനുളള അനുമതി നല്‍കും. വെടിക്കെട്ടിന് ഉപയോഗിക്കുന്ന പടക്കങ്ങളുടെ സാമ്പിളുകള്‍ എക്സ്പ്ലോസീവ് വകുപ്പിന്റെ നിര്‍ദേശ പ്രകാരം ശിവകാശി ലാബിലേക്ക് ഇരുവിഭാഗങ്ങളും പരിശോധനയ്ക്ക് നല്‍കിയിരുന്നു. പൊട്ടാസ്യം ക്ലോറൈറ്റ് ചേര്‍ക്കാത്ത പടക്കങ്ങള്‍ ഉപയോഗിക്കാനുളള അനുമതി നല്‍കാനാണ് എക്സ്പ്ലോസീവ് വകുപ്പിന്റെ തീരുമാനം.
വെടിക്കെട്ടിന് അനുമതി ലഭിച്ചില്ലെങ്കില്‍ കുടമാറ്റത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്നും ഇത്തവണ ഇലഞ്ഞിത്തറ മേളം ഉണ്ടാകില്ലെന്നും പാറമേക്കാവ് വിഭാഗം ഇന്നലെ വ്യക്തമാക്കുന്നു.കഴിഞ്ഞ ദിവസം നടന്ന പൂരത്തിന്റെ കൊടിയേറ്റവും പാറമേക്കാവ് വിഭാഗം ചടങ്ങുമാത്രമാക്കി ചുരുക്കിയിരുന്നു. കൊടിയേറ്റത്തിന് ശേഷമുളള ഭഗവതിയുടെ എഴുന്നളളിപ്പിന് ആനകളുടെ അകമ്പടി ഉണ്ടായിരുന്നില്ല. ഒറ്റയാനപ്പുറത്താണ് ഭഗവതി എഴുന്നളളിയത്.
കൂടാതെ ചെമ്പടമേളവും പേരിന് മാത്രമായിരുന്നു. പ്രമാണിയായ പെരുവനം കുട്ടന്‍മാരാര്‍ മേളത്തിന് തുടക്കമിട്ടശേഷം ചെണ്ടയൊഴിവാക്കി മേളക്കാര്‍ക്കിടയില്‍ നിന്നു. സഹായികളാണ് മേളം പൂര്‍ത്തിയാക്കിയതും. പുറ്റിങ്ങല്‍ വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ഉത്സവാഘോഷങ്ങളില്‍ വെടിക്കെട്ട് നടത്തുന്നത് കേന്ദ്ര എക്സ്പ്ളോസീവ് വകുപ്പ് തടഞ്ഞിരുന്നു. തൃശൂര്‍ പൂരത്തിന്റെ ജനകീയത പ്രമാണിച്ച് എല്ലാ അനുഷ്ഠാനങ്ങളോടും നടത്താന്‍ സാഹചര്യമൊരുക്കുമെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.