ന്യൂ ഡല്‍ഹി: ടിപി സെന്‍കുമാറിന്റെ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ അവസാന നിമിഷം അഭിഭാഷകന്റെ പിന്മാറ്റം. കോടതിയിലെത്തിയെങ്കിലും അവസാന നിമിഷമായിരുന്നു നാടകീയമായ അഭിഭാഷകന്‍ ദുഷ്യന്ത് ദാവെയുടെ പിന്മാറ്റം. പുനര്‍നിയമനം വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജി ഉടന്‍ പരിഗണിക്കണമന്ന ആവശ്യം ജസ്റ്റിസ് മദന്‍ ലോകൂര്‍ അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ ഉന്നയിച്ചില്ല. ഡിജിപിയായി പുനര്‍ നിയമിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സര്‍ക്കാരിനെതിരെയാണ് കോടതിയലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്.
സുപ്രീം കോടതി വിധി നടപ്പാക്കാത്തതിന് ചീഫ് സെക്രട്ടറി നളിനി നെറ്റോയെ പ്രതി ചേര്‍ത്താണ് സെന്‍കുമാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍ അടിയന്തരമായി പരിഗണിക്കേണ്ട കേസാണെന്ന് ബോധിപ്പിക്കാഞ്ഞതില്‍ ബെഞ്ച് ഇന്ന് ഹര്‍ജി പരിഗണിച്ചില്ല. നിയമന ഉത്തരവ് ഉടന്‍ പുറത്തിറക്കണമെന്നായിരുന്നു ആവശ്യം.