നിയമസഭ തെരഞ്ഞെടുപ്പിലെ കൈകൊടുക്കല്‍ തിരിഞ്ഞുകൊത്തി; ഇനി ഒന്നിച്ച് തദ്ദേശഭരണ തെരഞ്ഞെടുപ്പിന് ഇല്ലെന്ന് കോണ്‍ഗ്രസ്; സമാജ്വാദിയുമായി കൂട്ടുവെട്ടി

ഉത്തര്‍പ്രദേശ് തദ്ദേശ സ്വയം ഭരണതെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദിന്റെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയുമായി ചേര്‍ന്ന് മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഔദ്യോഗികമായി തീരുമാനം കൈക്കൊണ്ടത്.
തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം എന്ന് യോഗത്തിന് ശേഷം ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജ് ബാബര്‍ പറഞ്ഞു. തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെ പ്രദേശിക തലത്തില്‍ ശക്തിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാമെന്ന തീരുമാനത്തില്‍ കോണ്‍ഗ്രസ് എത്തിയത്.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശ പ്രകാരമാണ് തെരഞ്ഞെടുപ്പ് പ്രചരണം നടത്തുക എന്ന് മീറ്റിങ്ങില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ വന്‍ പരാജയം നേരിടുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെ പ്രാദേശിക തലത്തില്‍ ശക്തിപ്പെടുത്തണമെന്നാണ് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നല്‍കിയ നിര്‍ദേശം. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസ്സും ഒരുമിച്ച് മത്സരിച്ചിരുന്നെങ്കിലും ഭരണം പിടിച്ചെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇത് കോണ്‍ഗ്രസ്സിന് വലിയ തിരിച്ചടിയായിരുന്നു.

© 2024 Live Kerala News. All Rights Reserved.