തിരുവനന്തപുരം: മൂന്നാറില്‍ കയ്യേറ്റക്കാര്‍ തടിച്ചു കൊഴുക്കുന്നതായി വിഎസ് അച്യുതാനന്ദന്‍. രാഷ്ട്രീയക്കാര്‍ ഇതിന് ഒത്താശ ചെയ്യുന്നതായും ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ ആരോപിച്ചു. ജാതി, മതം, വിശ്വാസം എന്നിവയുടെ പേരില്‍ കയ്യേറ്റത്തിന് മറയിടുന്നതിനെ അംഗീകരിക്കാനാവില്ലെന്നും വിഎസ് പറഞ്ഞു.
പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യുന്നതിനെതിരെയും കയ്യേറ്റത്തിനെതിരേയും കാല്‍ നൂറ്റാണ്ട് മുമ്പ് തന്നെപ്പോലുള്ളവര്‍ രംഗത്ത് വന്നിരുന്നു. അന്ന് വെട്ടിനിരത്തലുകാര്‍ എന്ന് പറഞ്ഞ് അധിക്ഷേപിക്കാനാണ് പലരും ശ്രമിച്ചത്. അതിന്റെ ദുരന്തമാണ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്നതെന്നും വിഎസ് ചൂണ്ടികാണിച്ചു. ലക്കും ലഗാനുമില്ലാത്ത കയ്യേറ്റം മൂന്നാറിനെ മൂന്നാറല്ലാതാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്.
പാവപ്പെട്ട ദളിതരും ആദിവാസികളും അടക്കമുള്ളവര്‍, ആയിരക്കണക്കിന് വരുന്ന ജനങ്ങള്‍ ഭൂമിക്ക് വേണ്ടി സമരരംഗത്ത് വരുന്ന സമയത്താണ് പണാധിപത്യത്തിന്റെ മുഷ്‌കില്‍ കയ്യേറ്റം നടത്തിക്കൊണ്ടിരക്കുന്നതെന്നും വിഎസ് അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി.