കൊച്ചി: വൈദ്യുത മന്ത്രി എംഎം മണിയുടെ പ്രസംഗം ഗൗരവകരമെന്ന് ഹൈക്കോടതി. കേരളത്തില്‍ എന്താണ് നടക്കുന്നതെന്നും പൊലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും ഹൈക്കോടതി ചോദിച്ചു. മണിയുടെ പ്രസംഗം സ്ത്രീകളെ അപമാനിക്കുന്നതല്ലെന്നും സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഒരു പരാമര്‍ശവും മണി നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്തെങ്കിലും തരത്തിലുള്ള പരാമര്‍ശം മന്ത്രി നടത്തിയിട്ടുണ്ടെങ്കില്‍ അത് മാധ്യമപ്രവര്‍ത്തകരെ കുറിച്ചാണെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ കുറിച്ച് എന്തും പറയാമെന്നാണോ എന്നാണ് ഹൈക്കോടതി മറുചോദ്യം ഉന്നയിച്ചത്. മാധ്യമ പ്രവര്‍ത്തകരും മനുഷ്യരാണ്. മാധ്യമ പ്രവര്‍ത്തകര്‍ക്കും പൗരാവകാശം ഉണ്ടെന്ന് മറക്കരുതെന്നും ഹൈക്കോടതി സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ചു.
വിവാദ പ്രംസഗത്തില്‍ മന്ത്രി എംഎം മണിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ജോര്‍ജ്ജ് വട്ടക്കുഴി സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കവെയാണ് വിമര്‍ശനങ്ങളുമായി ഹൈക്കോടതിയുടെ പരമാര്‍ശം. മണിയുടെ പ്രസംഗത്തെ സര്‍ക്കാര്‍ ന്യായീകരിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കിയതോടെ കേസ് പരിഗണിക്കുമെന്നും പൗരാവകാശം സംബന്ധിച്ച് പരിശോധിക്കുമെന്ന നിലപാടാണ് കോടതിയെടുത്തത്. മണിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ഹാജരാക്കാനും ഹൈക്കോടതി ഉത്തരവിട്ടു.
സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ ഡയറ്കടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ഹാജരായത്. ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്ന വിഷയങ്ങള്‍ ഗൗരവമുള്ളതായതുകൊണ്ടുതന്നെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും പോലീസ് മേധാവിയുമുള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരും നിലപാടറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.