ഇടുക്കി കളക്ടര്‍ക്കും സബ് കളക്ടര്‍ക്കുമെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി വൈദ്യുത മന്ത്രി എംഎം മണി. കളക്ടര്‍ കഴിവുകെട്ടവനെന്നും സബ് കളക്ടര്‍ ചെറ്റയാണെന്നുമാണ് മന്ത്രി മണി പറഞ്ഞത്. സബ് കളക്ടറെ പിന്തുണച്ച ചെന്നിത്തലയേയും ഊളമ്പാറയ്ക്ക് അയക്കണമെന്നാണ് മണി പറഞ്ഞത്. രമേശ് ചെന്നിത്തല ആര്‍എസ്എസുകാരനാണെന്നും മണി പറഞ്ഞു.
ഞങ്ങള്‍ അധ്വാനിച്ച്, തല്ലുകൊണ്ട് ലക്ഷക്കണക്കിന് ആളുകള്‍ പീഡനം വാങ്ങി, ജയിലില്‍ പോയി ഉണ്ടാക്കിയ ഗവണ്‍മെന്റാ ഇത്. ഇതിന്റെ മണ്ടേക്കേറിയിരുന്ന് ഇയാളെപ്പോലെ ഒരു ചെറ്റ ഞങ്ങള്‍ക്കിട്ട് പണിതാല്‍ ഞങ്ങള്‍ അതിനൊന്നും വഴങ്ങില്ല. അതിനോട് യോജിപ്പില്ല. ഇയാളെ താങ്ങേണ്ട കാര്യം ഞങ്ങള്‍ക്കില്ല. ഒരു ഉദ്യോഗസ്ഥനേയും താങ്ങേണ്ട കാര്യം ഞങ്ങള്‍ക്കില്ല.
എംഎം മണി, വൈദ്യുത മന്ത്രി
റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍.
ALSO READ: ‘സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടി, സകല വൃത്തികേടുകളും നടന്നു ‘; പെമ്പിളൈ ഒരുമൈ സമരത്തിനെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മന്ത്രി എംഎം മണി
പാപ്പാത്തിച്ചോലയില്‍ റവന്യു ഉദ്യോഗസ്ഥര്‍ പൊളിച്ചുമാറ്റിയ കുരിശുവെച്ച ടോം സക്കറിയ കയ്യേറ്റക്കാരനല്ലെന്നും മണി പറഞ്ഞു. സ്‌കറിയാ ചേട്ടന്റെ മകന്റെ വകയാണെന്ന് പറഞ്ഞ് പൊലീസ് കേസെടുത്തിരിക്കുകയാണ്, ഇത്രയും വിഡ്ഢിത്തം വേറൊന്നും പറയാനില്ലെന്നും മന്ത്രി പറഞ്ഞു. കത്തനാര്‍മാരും സഭാ നേതാക്കാളും ഇപ്പോള്‍ കുരിശു കൊണ്ടുവെച്ചത് ശരിയല്ലെന്നാണ് പറയുന്നത്. ഇവരൊക്കെ ഇത്രയും കാലം എവിടെയായിരുന്നെന്നും മന്ത്രി മണി ചോദിച്ചു.
ഇവരൊക്കെ ഇനി മാറാന്‍ പോകുന്നത് എപ്പോഴാണെന്നറിയാമോയെന്നും അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പോ, പാര്‍ലമെന്‍ര് തെരഞ്ഞെടുപ്പോ വരുമ്പോള്‍ കുരിശ് തകര്‍ത്തതിന്റെ ചിത്രവുമായി ഇവര്‍ നമ്മളെ നേരിടാന്‍ വരുമെന്നും മണി പറഞ്ഞു.
കുരിശു പൊളിച്ചു നീക്കിയ നടപടി ശരിയല്ലെന്നും ആ കുരിശ് പൊളിക്കുന്നത് കാണുമ്പോള്‍ സന്തോഷിക്കുന്ന മാനസ്സികാവസ്ഥ ദേവികുളം സബ്കളക്ടര്‍ക്കും അതുപോലുള്ള വര്‍ഗീയവാദികള്‍ക്കുമല്ലാതെ മനുഷ്യമനസ്സുള്ള ആര്‍ക്കുമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു.
ശ്രീറാം വെങ്കട്ടരാമന്‍..അയാള്‍ക്ക് വേറെ എന്താ ഉത്തരവാദിത്തമുള്ളത്. സബ് കളക്ടറാ. അയാള്‍ ആസനത്തിലെ പൊടിയും തട്ടി അങ്ങുപോകും. ഇവിടെ ജനങ്ങള്‍ക്ക് ജീവിക്കേണ്ടതാ. അത് എല്ലാ രാഷ്ട്രീയക്കാരും മനസ്സിലാക്കുന്നത് നല്ലതാണ്.
എംഎം മണി, വൈദ്യുത മന്ത്രി
പ്രതിപക്ഷ നേതാവിനോടുള്ള ആദരവ് നിലനിര്‍ത്തിക്കൊണ്ട് പറയുകയാണെന്നും അയാള്‍ വിഡ്ഡിയുടെ സ്വര്‍ഗ്ഗത്തിലാണ് ജീവിക്കുന്നതെന്നും ഊളമ്പാറയ്ക്ക് അയയ്‌ക്കേണ്ടത് ചെന്നിത്തലയേയും അയാളുടെ നേതാക്കളെയുമാണെന്നും മണി പറഞ്ഞു.
കുരിശ് പൊളിച്ചത് അയോദ്ധ്യസംഭവത്തിന് തുല്യമാണ്. ആര്‍എസ് ആവശ്യപ്പെട്ടിട്ടാണ് കുരിശ് പൊളിച്ചത്. വിശ്വാസികള്‍ ഭൂമി കയ്യേറിയിട്ടില്ല. നേരെ ചൊവ്വേ പോയാല്‍ എല്ലാവര്‍ക്കും നല്ലത്. ശ്രീറാം വെങ്കിട്ടരാമനെ ഊളമ്പാറയ്ക്ക് വിടണമെന്നും എംഎം മണി ഇന്നലെ പറഞ്ഞിരുന്നു.