കാബൂള്‍: വെള്ളിയാഴ്ച അഫ്ഗാനിസ്ഥാനിലെ ബള്‍ക്ക് മേഖലയിലെ സൈനിക ക്യാമ്പിനു നേരെയുണ്ടായ താലിബാന്‍ ആക്രമണത്തില്‍ മരണം 140 ആയി. 140 സൈനികര്‍ മരിക്കുകയും 160 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തെന്ന് അഫ്ഗാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചു. സൈനിക വേഷത്തിലെത്തിയ താലിബാന്‍ ഭീകരര്‍ വെള്ളിയാഴ്ച നമസ്‌കാരത്തിന് ശേഷം പുറത്തിറങ്ങിയ സൈനികരേയും വെടിവെച്ചു വീഴ്ത്തി.
ബള്‍ക്ക് പ്രവിശ്യയുടെ തലസ്ഥാനമായ മസര്‍ ഇ ഷെരീഫിലുള്ള അഫ്ഗാന്‍ സൈനിക ക്യാമ്പിന് നേര്‍ക്കാണ് സൈനിക വേഷത്തിലെത്തിയ താലിബാന്‍ ഭീകരര്‍ ആക്രമണം അഴിച്ചുവിട്ടത്. രണ്ട് ചാവേറുകള്‍ സ്വയം പൊട്ടിത്തെറിക്കുകയും ചെയ്തു. പ്രത്യാക്രമണത്തില്‍ അഫ്ഗാന്‍ സേന ഏഴ് പേരെ കൊല്ലുകയും ചെയ്തു.ഒരാളെ പിടികൂടുകയും ചെയ്തു.
താലബാന്റെ ഒട്ടേറെ മുതിര്‍ന്ന നേതാക്കളെ വധിച്ചതിലുള്ള പകരംവീട്ടലാണ് ആക്രമണമെന്ന് താലിബാന്‍ വക്താവ് സെയ്ബുള്ള മുജാഹിദ് പറഞ്ഞു. 500ല്‍ അധികം പേരെ മുറിപ്പെടുത്താനും കൊല്ലാനുമായെന്നാണ് പ്രസ്താവനയില്‍ താലിബാന്‍ അവകാശപ്പെട്ടത്.
റോക്കറ്റ് ലോഞ്ചറുകളും ഗ്രനേഡുകളും അടക്കം ഉപയോഗിച്ചായിരുന്നു സൈനിക താവളത്തിലെ ആക്രമണം. മരണസംഖ്യം ഇനിയും വര്‍ധിക്കാന്‍ ഇടയുണ്ടെന്നും അഫ്ഗാന്‍ അധികൃതര്‍ വ്യക്തമാക്കി.