തിയേറ്ററിലെ ദേശീയഗാനത്തിന് എഴുന്നേറ്റില്ല; മൂവാറ്റുപുഴയില്‍ രണ്ടുപേര്‍ അറസ്റ്റില്‍

മൂവാറ്റുപുഴ: സിനിമാ തിയേറ്ററില്‍ ദേശീയ ഗാന സമയത്ത് എഴുന്നേല്‍ക്കാതിരുന്ന രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ ഐസക് മരിയ തിയേറ്ററില്‍ സിനിമാ കാണെനെത്തിയ പുത്തന്‍ പുര ഷമീര്‍, മരുതുങ്കല്‍ വീട്ടില്‍ സനൂപ് എന്നിവരെയാണ് സിഐ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച്ച രാത്രി 9.30 ഓടെയാണ് സംഭവം.
ദേശീയ ഗാനസമയത്ത് ഇരുവരും സീറ്റിലിരിക്കുന്നത് കണ്ട ഒരു ന്യായാധിപന്റെ പരാതിയിലാണ് പൊലീസ് സ്ഥലത്തെത്തി ഇവരെ അറസ്റ്റ് ചെയ്തത്. ദേശീയ ഗാനത്തോട് അനാദരവ് കാണിച്ചു എന്നതാണ് പൊലീസ് നടപടിയ്ക്ക് കാരണമായത്. മൂവാറ്റുപുഴ ഐസക് മരിയ തിയേറ്ററില്‍ സെക്കന്‍ഡ് ഷോ കാണാനെത്തിയതായിരുന്നു അറസ്റ്റിലായവര്‍. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

തിയേറ്ററില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണമെന്ന് വ്യക്തമാക്കിക്കൊണ്ട് കഴിഞ്ഞ ഡിസംബറില്‍ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതില്‍ ഭിന്നശേഷിക്കാര്‍ക്ക് ഇളവ് നല്‍കി കൊണ്ടുള്ള ഉത്തരവ് സുപ്രിം കോടതി ഏപ്രില്‍ 18ന് പുറത്തിറക്കി.

© 2024 Live Kerala News. All Rights Reserved.