കയ്യേറ്റക്കാരുടെ ദല്ലാളായി ഞങ്ങളുടെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാറുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. മൂന്നാര്‍ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നിര്‍മ്മിച്ച കുരിശു പൊളിച്ചുമാറ്റിയതില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയതിലാണ് ബിനോയ് വിശ്വം മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നത്. മുഖ്യമന്ത്രി വസ്തുതകള്‍ മനസിലാക്കാതെയാണ് പ്രതികരിച്ചത്. മുഖ്യമന്ത്രി തെറ്റിധാരണ മാറ്റണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
പാപ്പാത്തിചോലയില്‍ സര്‍ക്കാര്‍ സ്ഥലം കൈയേറി സ്ഥാപിച്ച ഭീമന്‍ കുരിശും കെട്ടിടങ്ങളും റവന്യൂസംഘം പൊളിച്ചുമാറ്റിയതിനെ രൂക്ഷമായി മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചിരുന്നു. ആരോട് ചോദിച്ചിട്ടാണ് കുരിശില്‍ തൊട്ടതെന്നും സര്‍ക്കാരുള്ള കാര്യം ഓര്‍ക്കാതിരുന്നതെന്തെന്നും മുഖ്യമന്ത്രി ചോദിച്ചു.
മഹാകയ്യേറ്റം എന്ന നിലയില്‍ ഭീകരമായ ഒഴിപ്പിക്കലാണ് നടന്നത്. അനാവശ്യമായ ഒരു വികാരം സൃഷ്ടിക്കലാണ് ഇതിന് പിന്നിലെ ഉദ്ദേശം. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കുരിശിനെതിരെ യുദ്ധം നടത്തുന്ന ഒരു സര്‍ക്കാരാണ് എന്ന പ്രതീതി ഉണ്ടാക്കലല്ലേ ഇതിന് പിന്നിലെന്നും പിണറായി ചോദിച്ചിരുന്നു. ജില്ലാ ഭരണകൂടത്തെ വിളിച്ച് മുഖ്യമന്ത്രി ശാസിച്ചിരുന്നു. അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു