ന്യൂ ഡല്‍ഹി: ഡല്‍ഹിയിലെ താജ് മഹല്‍ ഹോട്ടല്‍ ലേലം ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവ്. നിലവില്‍ ടാറ്റയാണ് താജ് മാന്‍സിങ് ഹോട്ടല്‍ നടത്തിപ്പുകാര്‍. ടാറ്റാ ഗ്രൂപ്പിന്റെ 33 വര്‍ഷത്തെ പാട്ടക്കാലാവധി അവസാനിച്ചതോടെ ഭൂമിയും സ്വത്തുവകകളും ലേലത്തിന് വെയ്ക്കാന്‍ സുപ്രീം കോടതി നിര്‍ദേശിക്കുകയായിരുന്നു. പാട്ടക്കാലാവധി കഴിഞ്ഞ് 9 തവണയിലധികം സമയം നീട്ടിച്ചോദിച്ച ടാറ്റയോട് ലേലം നടത്തുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ഉറപ്പിച്ച് പറഞ്ഞിരുന്നു.
സുപ്രീം കോടതിയും ഉത്തരവിട്ടതോടെ പ്രശസ്തമായ താജ് മഹല്‍ ഹോട്ടല്‍ ഉടനടി ലേലത്തിന് വെയ്ക്കും. ഓണ്‍ലൈനായി നടക്കുന്ന ലേലത്തില്‍ ഹോട്ടല്‍ പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആറ് മാസത്തിനകം ടാറ്റാ ഗ്രൂപ്പിനോട് ഒഴിയണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ കേന്ദ്രപ്രദേശത്തുള്ള ഹോട്ടല്‍ സമുച്ചയത്തിന്റെ 33 വര്‍ഷത്തെ പാട്ടക്കാലാവധി 2011ലാണ് പൂര്‍ത്തിയായത്. വ്യവസായ ഭീമന്‍ 9 തവണ സമയം കൂട്ടിച്ചോദിച്ച് ഹോട്ടല്‍ നടത്തിപ്പ് തുടരുകയായിരുന്നു. കഴിഞ്ഞ മാസം ചേര്‍ന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയിലുള്ള യോഗത്തിലാണ് ലേലം ഉറപ്പായും ഉടന്‍ നടത്തണമെന്ന് തീരുമാനിച്ചത്.
ന്യൂ ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സിലിന് കീഴിലാണ് ഹോട്ടല്‍ സ്വത്തുവകകള്‍. ലേലമില്ലാതെ തന്നെ പാട്ടക്കാലാവധി നീട്ടാനാണ് ടാറ്റകള്‍ ലക്ഷ്യമിട്ടിരുന്നത്. ഇതിന് പറ്റില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ കര്‍ശന നിലപാടെടുത്തതോടെയാണ് ലേലത്തിന് കളമൊരുങ്ങിയത്. ഇതുവരേയും പാട്ടത്തുകയിലും കാര്യങ്ങളിലും ഒരു തിരിമറിയും ദോഷവും വരുത്താത്ത ടാറ്റാ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ലേലം നടത്തുമ്പോള്‍ മനസിലുണ്ടാവണമെന്നും അധികൃതരോട് സുപ്രീം കോടതി പറഞ്ഞു.