ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ അന്വേഷണത്തിന് ഉത്തരവ്. പനാമ രേഖകളിലൂടെ പുറത്തുവന്ന അഴിമതിയിലാണ് സംയുക്ത അന്വേഷണത്തിന് പാകിസ്താന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. കള്ളപ്പണ ഇടപാടിലൂടെ ലണ്ടനില്‍ ഫ്ളാറ്റും സ്വത്തുവകകളും ഭൂമിയും വാങ്ങിയെന്നാണ് ആരോപണം. ഷെരീഫിനൊപ്പം രണ്ട് മക്കളും അന്വേഷണം നേരിടണം. രണ്ട് മാസത്തിനകം സംയുക്ത അന്വേഷണ സംഘത്തിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും പാക് സുപ്രീം കോടതി ഉത്തരവിട്ടു.
പ്രതിപക്ഷ നേതാവ് ഇമ്രാന്‍ ഖാന്റെ ഇടപെടലാണ് നവാസ് ഷെരീഫിനെതിരെ പനാമ രേഖകളുടെ വെളച്ചത്തില്‍ കേസ് ഉണ്ടാകാന്‍ കാരണം. അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞവര്‍ഷം ഇമ്രാന്‍ ഖാന്‍ തെരുവുകളില്‍ പ്രക്ഷോഭം നടത്താന്‍ ഒരുങ്ങിയതോടെയാണ് കേസില്‍ അന്വേഷണം വേണമോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കാമെന്ന് പാക് സുപ്രീം കോടതി സമ്മതിച്ചത്.
67 വയസുകാരനായ നവാസ് ഷെരീഫിന് പ്രധാനമന്ത്രി പദം രാജിവെയ്ക്കേണ്ടി വരുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നിലവില്‍ രാജി ഉണ്ടാവില്ലെന്നാണ് സൂചന. മിലിട്ടറി ഇന്റലിജന്‍സ് അടക്കം വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ചാണ് ഷെരീഫിനും കുടുംബത്തിനുമെതിരെ അന്വേഷണം നടക്കുക.
കള്ളപ്പണം കൊണ്ട് ലണ്ടനില്‍ സ്വത്ത് വകകള്‍ വാങ്ങിയെന്നാണ് ഷെരീഫിനെതിരെയുള്ള ആക്ഷേപം. സംഭവത്തില്‍ പാര്‍ലമെന്റിനെ പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിച്ചെന്നാരോപിച്ച് ഇമ്രാന്‍ ഖാന്‍ പൊക്കിക്കൊണ്ടുവന്ന കേസിലാണ് കോടതിയുടെ നടപടി. പാര്‍ലമെന്റിനെ പ്രധാനമന്ത്രി തെറ്റിദ്ധരിപ്പിച്ചെന്ന് പാക് സുപ്രീം കോടതി ചൂണ്ടികാണിച്ചു. അന്വേഷണ റിപ്പോര്ട്ട് എതിരായാല്‍ നവാസ് ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും അയോഗ്യനാക്കും.
വിവാദമായ പനാമ രേഖകളില്‍ 100ല്‍ അധികം രാജ്യങ്ങളിലെ രാഷ്ട്രീയ നേതാക്കളുടെ കള്ളപ്പണ ഇടപാടിനെ കുറിച്ച് വിവരമുണ്ടായിരുന്നു.