‘ഒരേക്കര്‍ കൃഷിഭൂമി ഓരോ തൊഴിലാളി കുടുംബത്തിനും’; വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി പെമ്പിളൈ ഒരുമൈ

കേരളത്തിന്റെ സമര ചരിത്രത്തില്‍ പുതിയ അധ്യായം എഴുതി ചേര്‍ത്ത മൂന്നാറിലെ പെമ്പിളൈ ഒരുമൈ അടുത്ത പ്രക്ഷോഭത്തിന്. തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധന ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയ പെമ്പിളൈ ഒരുമൈ തൊഴിലാളി കുടുംബങ്ങള്‍ക്ക് കൃഷിഭൂമി ആവശ്യപ്പെട്ടാണ് സമരത്തിന് ഇറങ്ങുന്നത്. ഏപ്രില്‍ 22 ശനിയാഴ്ച മൂന്നാറില്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ നടക്കുമെന്ന് ജനറല്‍ സെക്രട്ടറി രാജേശ്വരി അറിയിച്ചു.
ടാറ്റ – കയ്യേറ്റ മാഫിയകള്‍ അനധികൃതമായും നിയമവിരുദ്ധമായും കയ്യടക്കി വെച്ചിരിക്കുന്ന സര്‍ക്കാര്‍ തോട്ടംഭൂമി നിയമനിര്‍മാണത്തിലൂടെ ഏറ്റെടുത്ത് ‘ഒരേക്കര്‍ കൃഷിഭൂമി ഓരോ തോട്ടംതൊഴിലാളി കുടുംബത്തിനും’ വിതരണം ചെയ്യുക എന്നാവശ്യമാണ് പെണ്‍മ്പിളൈ ഒരുമൈ ഉയര്‍ത്തുന്നത്. ഭൂരഹിതരായ തോട്ടംതൊഴിലാളികള്‍ക്ക് മൂന്ന് സെന്റ് ഭൂമി നല്‍കിക്കൊണ്ട് കോളനിവല്‍ക്കരിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അവര്‍ ആരോപിച്ചു. കോളനികളും ലയങ്ങളും ചേരികളും അടിസ്ഥാന ജനങ്ങളെ സാമൂഹിക രാഷ്ട്രീയ അധികാരങ്ങളില്‍ നിന്ന് പുറംന്തള്ളിയെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ വീണ്ടും മൂന്നുസെന്റ് ഭൂമി നല്‍കി ദലിതരും ആദിവാസികളും പിന്നോക്കക്കാരും അടങ്ങുന്ന ഭൂരഹിതരായ തോട്ടംതൊഴിലാളികളെ വഞ്ചിക്കുന്നത്. കൂലിയും ബോണസും ലഭിച്ചതുകൊണ്ട് മാത്രം പരിഹരിക്കാവുന്ന പ്രശ്‌നമല്ല ഇന്ന് മൂന്നാര്‍ തോട്ടം മേഖലയില്‍ നിലനില്‍ക്കുന്നതെന്നും പെമ്പിളൈ ഒരുമൈ.
പെണ്‍മ്പിളൈ ഒരുമൈ പ്രസിഡന്റായിരുന്ന ലിസ്സി സണ്ണിയെ സസ്പെന്‍ഡ് ചെയ്തതായും സംഘടന അറിയിച്ചു. കഴിഞ്ഞ 4 മാസമായി സംഘടന പ്രവര്‍ത്തനത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയും തുടര്‍ച്ചയായി 9 മീറ്റിംഗികളില്‍ പങ്കെടുക്കാതെ സംഘടന പ്രവര്‍ത്തനത്തില്‍ ഗുരുതര വീഴ്ച വരുത്തുകയും പെണ്‍മ്പിളൈ ഒരുമൈ വരവ് ചിലവ് കണക്കുകള്‍ നാളിതുവരെ കമ്മറ്റിയെ ബോധിപ്പിക്കാത്തതിനാലുമാണ് പ്രസിഡന്റിനെ ആറ് മാസത്തേക്ക് സസ്പെന്‍ഡ് ചെയ്തതെന്നും പെമ്പിളൈ ഒരുമൈ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കാലയളവില്‍ പ്രാഥമിക അംഗത്തമൊഴിച്ച് യാതൊരു ഔദ്യോഗിക പദവിയും ലിസ്സി സണ്ണിക്ക് ഉണ്ടായിരിക്കുന്നതല്ലെന്നും നിലവിലെ വൈസ് പ്രസിഡന്റ് കൗസല്യ തങ്കമണിക്ക് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല നല്‍കുവാനും എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചുവെന്നും പെമ്പിളൈ ഒരുമൈ അറിയിച്ചു.

പെമ്പിളൈ ഒരുമൈ മുന്നോട്ട് വെക്കുന്ന കാര്യങ്ങള്‍
മൂന്നാറിലെ ഭൂരിപക്ഷമായ ദളിതരും ആദിവാസികളും പിന്നോക്കാരും ഉള്‍പ്പെടുന്ന തോട്ടംതൊഴിലാളികള്‍ നിരവധി സാമൂഹിക – തൊഴില്‍ ചൂഷണമാണ് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കേരളത്തിന്റെ പൊതുവിടങ്ങളില്‍ തൊഴിലെടുക്കുന്നവര്‍ക്ക് 600 മുതല്‍ 700 രൂപ ദിവസക്കൂലി ലഭിക്കുമ്പോള്‍ പകലന്തിയോളം പണിയെടുക്കുന്ന തോട്ടംതൊഴിലാളികള്‍ക്ക് 230 -300 രൂപയാണ് ഇന്നും കൂലി ലഭിക്കുന്നത്. തൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലി നല്‍കാതെ അടിമപ്പണിയും ജാതിതതൊഴിലുകളും നിലനിര്‍ത്തുകയാണ് മാനേജ്ജുമെന്റുകള്‍ തോട്ടംമേഖലയില്‍ ചെയ്യുന്നത്. സര്‍ക്കാരും എല്ലാ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാനേജുമെന്റുകള്‍ക്ക് അനുകൂലമായ നടപടികളാണ് സ്വീകരിക്കുന്നത്. ചേരികള്‍ക്കും കോളനികള്‍ക്കും സമാനമായ സാഹചര്യത്തില്‍ ലയങ്ങളില്‍കഴിയുന്ന തൊഴിലാളികള്‍ക്ക് സ്വന്തമായി ഒരു സെന്റ് ഭൂമിയോ വീടോയില്ല. വൃദ്ധാവസ്ഥയില്‍ തോട്ടംമേഖലയിലെ തൊഴില്‍ നിര്‍ത്തുമ്പോള്‍ ലയങ്ങളില്‍ നിന്ന് ഇറങ്ങേണ്ട അവസ്ഥയാണ് ഓരോ കുടുംബത്തിനുമുള്ളത്. ഭൂരഹിതരായ തോട്ടംതൊഴിലാളികള്‍ക്ക് മൂന്ന് സെന്റ് ഭൂമി നല്‍കിക്കൊണ്ട് കോളനിവല്‍ക്കരിക്കാനുള്ള ശ്രമമാണ് സര്‍ക്കര്‍ നടത്തുന്നത്. കോളനികളും ലയങ്ങളും ചേരികളും അടിസ്ഥാന ജനങ്ങളെ സാമൂഹിക രാഷ്ട്രീയ അധികാരങ്ങളില്‍ നിന്ന് പുറംന്തള്ളിയെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോഴാണ് സര്‍ക്കാര്‍ വീണ്ടും മൂന്നുസെന്റ് ഭൂമി നല്‍കി ദലിതരും ആദിവാസികളും പിന്നോക്കക്കാരും അടങ്ങുന്ന ഭൂരഹിതരായ തോട്ടംതൊഴിലാളികളെ വഞ്ചിക്കുന്നത്. കൂലിയും ബോണസും ലഭിച്ചതുകൊണ്ട് മാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ല ഇന്ന് മൂന്നാര്‍ തോട്ടം മേഖലയില്‍ നിലനില്‍ക്കുന്നത്. ലയങ്ങളുടെ പുറമ്പോക്കുകളില്‍ എല്ലാത്തരം സാമൂഹിക രാഷ്ട്രീയ അധികാരങ്ങളില്‍ നിന്നും പിഴുതെറിയപ്പെട്ട ഈ അടിസ്ഥാന ജനവിഭാഗത്തിന് സാമൂഹിക നീതിക്കായി ഒരു തൊഴിലാളി കുടുംബത്തിന് ഒരേക്കര്‍ കൃഷിഭൂമി, പാര്‍പ്പിടം, മെച്ചപ്പെട്ട കൂലി,ബോണസ്,തോട്ടംനിയമങ്ങളുടെ പരിഷ്‌കാരം, തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് മെച്ചപ്പെട്ട സ്‌കൂള്‍ കോളേജ് സൗകര്യങ്ങള്‍, മെഡിക്കല്‍ കോളേജ് സൗകര്യത്തോടുകൂടിയ ഹോസ്പിറ്റല്‍ തുടങ്ങിയവ അടിയന്തിരമായി ഉണ്ടായേ മതിയാകൂ.തോട്ടം തൊഴിലാളികള്‍ അനുഭവിക്കുന്ന സാമൂഹിക വിവേചനം,സാമൂഹിക അനീതി, മൂന്നാര്‍ തോട്ടങ്ങളിലെ ഭൂരിപക്ഷ തമിഴ് ഭാഷന്യൂനപക്ഷമായ ദളിതര്‍ അനുഭവിക്കുന്ന ഇരട്ട അനീതി എന്നിവയ്ക്ക് രാഷ്ട്രീയ പരിഹാരം കാണാതെ തോട്ടം മേഖലയിലെ അസമത്വത്തെ ഇല്ലായ്മ ചെയ്യാന്‍ കഴിയുകയില്ല. കേരള സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചക്കും സാമൂഹിക സമത്വത്തിനും പാരിസ്ഥിതിക സന്തുലിതാവസ്ഥക്കും തോട്ടം ഭൂമിയുടെ പുനര്‍വിതരണം ഏറ്റവും അത്യന്താപേക്ഷിതമാണ്. നമ്മുടേത് അതിജീവന സമരം മാത്രമായിരിക്കില്ല, പൗരന്‍ ആകുവാനുള്ള സ്വാതന്ത്യ സമരംകൂടിയാണ്. ഈ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പ്രക്ഷോഭപരിപാടികള്‍ക്ക് തുടക്കം കുറിക്കുവാന്‍ 2017 ഏപ്രില്‍ 22 ഉച്ചക്ക് 2 മണി മുതല്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ കൂടുന്നു. മൂന്നാര്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ കൂട്ടുന്ന കണ്‍വെന്‍ഷനില്‍ മുഴുവന്‍ സുഹൃത്തുക്കളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

© 2024 Live Kerala News. All Rights Reserved.