ന്യൂഡല്‍ഹി: നോട്ട് നിരോധനത്തോടെ ഉപയോഗശൂന്യമായ ആയിരം അഞ്ഞുറ് രൂപ നോട്ടുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ റിസര്‍വ്വ് ബാങ്ക് പദ്ധതിയിടുന്നു. അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിങ്ങിന്റെ(എന്‍ഐഡി) സഹായത്തോടെ പഴയനോട്ടുകള്‍ കൊണ്ട് ഉപയോഗപ്രദമായ വസ്തുക്കള്‍ നിര്‍മ്മിക്കാനാണ് റിസര്‍വ്വ് ബാങ്ക് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം ആര്‍ബിഐ എന്‍ഐഡിയ്ക്ക് കൈമാറി. പദ്ധതി മികച്ച രീതിയില്‍ നടപ്പിലാക്കാന്‍ കോളേജുകളില്‍ മത്സരം നടത്തി നൂതന ആശയം കണ്ടെത്താനാണ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിങ്ങ് ലക്ഷ്യമിടുന്നത്.
മത്സരത്തിനായി 200കിലോഗ്രാം ഉപയോഗശൂന്യമായ നോട്ടുകള്‍ റിസര്‍വ്വ് ബാങ്ക് എന്‍ഐഡിയ്ക്ക് കൈമാറി. 1000,500 രൂപ നോട്ടുകള്‍ക്ക് പുറമെ ഉപയോഗിക്കാന്‍ സാധിക്കാത്തതും നേരത്തെ പിന്‍വലിച്ചതുമായ നോട്ടുകളും പുതിയ പദ്ധതിക്കായി നല്‍കും. എന്‍ഐഡി ഡയറക്ടര്‍ പ്രദുണ്യ വ്യാസും പ്രവീണ്‍സിങ്ങ് സോളാങ്കിയുമാണ് ആര്‍ബിഐ പദ്ധതിക്ക് നേതൃത്വം നല്‍കുക.
നിലവില്‍ എന്‍ഐഡി ടേബിള്‍ ഷീറ്റുകള്‍, ക്ലോക്ക്, പേപ്പര്‍വെയിറ്റ് തുടങ്ങിയവ പഴയ നോട്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിട്ടുണ്ട്. പുതിയതും വ്യത്യസ്തവുമായ ആശയങ്ങള്‍ കണ്ടെത്താനാണ് കോളേജ് തലത്തില്‍ മത്സരത്തിനു തയ്യാറെടുക്കുന്നത്.