ന്യൂ ഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ബിജെപി മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും വിചാരണ നേരിടണമെന്ന് സുപ്രീം കോടതി. 89 വയസുള്ള അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉമാ ഭാരതിയും അടക്കം 13 ബിജെപി നേതാക്കള്‍ 16ാം നൂറ്റാണ്ടിലെ ബാബ്റി മസ്ജിദ് തകര്‍ത്ത കേസില്‍ ക്രിമിനല്‍ ഗൂഢാലോചനക്ക് വിചാരണ നേരിടണമെന്ന സിബിഐ ആവശ്യത്തിലാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. ഗൂഢാലോചന കുറ്റം സുപ്രീം കോടതി പുനസ്ഥാപിച്ചു. അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. അദ്വാനിക്കും മറ്റ് ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ക്കുമെതിരെ ഗൂഢാലോചന കുറ്റം പുനസ്ഥാപിക്കണമെന്ന് സിബിഐ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.
റായ്ബറേലി കോടതിയിലുള്ള കേസുകള്‍ ലക്നൗ കോടതിയിലേക്ക് മാറ്റാനും സുപ്രീം കോടതി ഉത്തരവിട്ടു. വിവിഐപികള്‍ക്കെതിരായ കേസ് പരിഗണിക്കുന്നത് റായ്ബറേലി കോടതിയായിരുന്നു. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് കര്‍സേവകര്‍ക്ക് എതിരെയുള്ള പ്രധാന കേസിന്റെ വിചാരണ ലക്നൗ കോടതിയില്‍ നടന്നുവരികയാണ്. ഈ കോടതിയിലേക്ക് റായ്ബറേലിയിലെ കേസ് കൂടി മാറ്റാനാണ് സുപ്രീം കോടതി ഉത്തരവ്. ഇടവേളകളില്ലാതെ കേസ് പരിഗണിക്കണമെന്നും കേസ് പരിഗണിക്കുന്ന ജസ്റ്റിസിന് സ്ഥലം മാറ്റം നല്‍കരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടു. രണ്ട് വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനാണ് സുപ്രീം കോടതി നിര്‍ദേശം. കേസ് മാറ്റിവെക്കരുതെന്നും സുപ്രീം കോടതി നിര്‍ദേശം.
കേന്ദ്രമന്ത്രി ഉമാഭാരതിയും വിനയ് കട്യാറും ബാബ്റി മസ്ജിദ് തകര്‍ത്തതിലെ ഗൂഢാലോചന കുറ്റത്തില്‍ വിചാരണ നേരിടണം. ഇപ്പോള്‍ ഗവര്‍ണര്‍ ആയതിനാല്‍ കല്യാണ്‍ സിങ് വിചാരണ നേരിടേണ്ടി വരില്ല. ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ കല്യാണ്‍ സിങായിരുന്നു യുപി മുഖ്യമന്ത്രി. 13 പേരെ ഗൂഢാലോചന കേസില്‍ കുറ്റവിമുക്തരാക്കിയ അലഹബാദ് ഹൈക്കോടതി വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.
1992 ഡിസംബര്‍ ആറിനാണ് ലോകമനസാക്ഷിയെ ഞെട്ടിച്ച ബാബറി മസ്ജിദ് ധ്വംസനം അരങ്ങേറിയത്. ബിജെപി നേതാക്കളുടെ നിര്‍ദേശപ്രകാരമെത്തിയ ലക്ഷകണക്കിന് കര്‍സേവകരുടെ നേതൃത്വത്തിലായിരുന്നു ബാബ്റി മസ്ജിദ് തകര്‍ത്തത്. അയോദ്ധ്യയില്‍ 16ാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട ബാബ്റി മസ്ജിദ് 1992 ഡിസംബറില്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് കര്‍സേവകര്‍ക്ക് എതിരെയുള്ള പ്രധാന കേസിന്റെ വിചാരണ ലക്നൗ കോടതിയില്‍ നടന്നുവരികയാണ്.രണ്ട് തരത്തിലാണ് കേസുകള്‍ ബാബ്റി മസ്ജിദ് സംഭവവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയിരുന്നത്. ഒന്ന് അദ്വാനി അടക്കം രാം കഥ കുഞ്ചിലെ വേദിയിലുണ്ടായിരുന്ന നേതാക്കള്‍ക്കെതിരേയും മറ്റൊന്ന് ആയിരക്കണക്കിന് വരുന്ന കര്‍സേവകര്‍ക്കെതിരേയും. എല്‍കെ അദ്വാനി അടക്കം ഒരു ഡസനോളം ആളുകളെ റായ്ബറേലിയിലെ കോടതിയാണ് ബാബ്റി മസ്ജിദ് തകര്‍ത്തതിലെ ഗൂഢാലോചന കുറ്റത്തില്‍ നിന്നും ഒഴിവാക്കിയത്.
തുടര്‍ന്ന് 2010 സെപ്റ്റംബര്‍ 30നാണ് ഈ വിഷയത്തില്‍ അലഹബാദ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ഗൂഢാലോചന കുറ്റം ഒഴിവാക്കിയ റായ്ബറേലി കോടതി ഉത്തരവ് ശരിവെക്കുകയാണ് ഹൈക്കോടതി ചെയ്തത്. ഈ ഉത്തരവാണ് സുപ്രീം കോടതി ഇപ്പോള്‍ റദ്ദ് ചെയ്തത്. രാമന്റെ ജന്മസ്ഥലമാണ് ബാബരി മസ്ജിദ് നിലനിന്ന പ്രദേശമെന്നും ക്ഷേത്രം പൊളിച്ചാണ് ഇവിടെ മസ്ജിദ് നിര്‍മിച്ചതെന്നും കോടതി നിരീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ, തര്‍ക്കഭൂമിയിലെ മൂന്നില്‍ രണ്ട് ഭാഗം ഹിന്ദുവിഭാഗത്തിന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. നിര്‍മോഹി അകാര, രാം ലല്ല, സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് എന്നിവയ്ക്കാണ് ഭൂമി വീതംവെച്ച് നല്‍കിയത്.