കൊച്ചി: മുന്‍ ഇന്ത്യന്‍ താരം എസ് ശ്രീശാന്തിന്റെ വിലക്ക് നീക്കില്ലെന്ന് ബി.സി.സി.ഐ ഹൈക്കോടതിയില്‍ അറിയിച്ചു. മുന്‍ഭരണസമിതിയുടെ തീരുമാനത്തില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ബിസിസിഐ കേരള ഹൈക്കോടതിയെ അറിയിച്ചു. സ്‌കോട്്‌ലന്‍ഡില്‍ കളിക്കാന്‍ അനുവദിക്കണമെന്ന ശ്രീശാന്ത് നല്‍കിയ റിവ്യൂ ഹര്‍ജിക്ക് മറുപടി നല്‍കവെ ബി.സി.സി.ഐ സി.ഇ.ഒ രാഹുല്‍ ജോഹ്രിയാണ് നിലപാട് വ്യക്തമാക്കിയത്.
ശ്രീശാന്തിന്റെ വിലക്ക് നീക്കേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും വിലക്ക് നീക്കേണ്ടെന്ന് മുന്‍ഭരണസമിതി തീരുമാനിച്ചിരുന്നതായും ബി.സി.സി.ഐ ചൂണ്ടിക്കാട്ടി.
കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റും ബി.സി.സി.ഐ ഭാരവാഹിയുമായ ടി.സി മാത്യുവും കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്ത യോഗത്തിലാണ് വിലക്ക് നീക്കേണ്ടെന്ന തീരുമാനം ബി.സി.സി.ഐ കൈകൊണ്ടത്. ഇതുമായി ബന്ധപ്പെട്ട് രാഹുല്‍ ജോഹ്രി ശ്രീശാന്തിന് ഔദ്യോഗികമായി കത്തയക്കുകയും ചെയ്തു.
സ്‌കോട്ടിഷ് പ്രീമിയര്‍ ലീഗില്‍ കളിക്കാന്‍ അനുമതി ആവശ്യപ്പെട്ട് ശ്രീശാന്ത് നേരത്തെ ബി.സി.സി.ഐ സമീപിച്ചിരുന്നു. എന്നാല്‍ ബി.സി.സി.ഐ ശ്രീശാന്തിന് എന്‍.ഒ.സി നിഷേധിക്കുകയാണുണ്ടായത്. പിന്നീട് ബി.സി.സി.ഐയില്‍ അടിമുടി മാറ്റം വരുകയും സുപ്രീം കോടതി നിയമിച്ച വിനോദ് റായിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ചുമതലയേല്‍ക്കുകയും ചെയ്തത് ശ്രീശാന്തിന് പ്രതീക്ഷ നല്‍കിയിരുന്നു. തുടര്‍ന്നാണ് ശ്രീശാന്ത് വീണ്ടും റിവ്യൂ ഹര്‍ജി നല്‍കിയത്.
ഐപിഎല്ലില്‍ രാജാസ്ഥാന്‍ റോയല്‍സിന്റെ താരമായിരുന്ന ശ്രീ 2013ലെ കുപ്രസിദ്ധമായ ഐപിഎല്‍ വാതുവെപ്പ് കേസില്‍ കുടുങ്ങുന്നതോടെയാണ് ക്രിക്കറ്റ് കരിയര്‍ പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നത്. 2013 സെപ്തംബറില്‍ ശ്രീയെ ക്രിക്കറ്റില്‍ നിന്ന് ബിസിസിഐ ആജീവനാന്തം വിലക്കുകയായിരുന്നു. പിന്നീട് കേസില്‍ ശ്രീയെ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് മാറ്റാന്‍ ബിസിസിഐ തയ്യാറായിരുന്നില്ല.
ക്രിക്കറ്റ് ജീവിതത്തിന് അവസാനമായെങ്കിലും പിന്നീട് ടെലിവിഷന്‍ ഷോകളിലൂടെയും മറ്റുമായി ശ്രീ സജീവമാവുകയായിരുന്നു. ശ്രീ നായകനാകുന്ന പുതിയ മലയാളം ചിത്രം ടീം ഫൈവിന് പുറമേ വിവിധ ഭാഷകളിലായി പുറത്തിറങ്ങുന്ന ആക്ഷന്‍ ചിത്രത്തിലും ശ്രീ നായകനാകുന്നുണ്ട്. ഇതിനിടെ ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് നിന്നും ബിജെപി സ്ഥാനാര്‍ത്ഥിയായി ശ്രീ മത്സരിച്ചിരുന്നു.
ഇന്ത്യക്കായി 27 ടെസ്റ്റും 53 ഏകദിനവും കളിച്ചിട്ടുളള ശ്രീശാന്ത് കേരളം ഇന്ത്യയ്ക്ക് സമ്മാനിച്ചിട്ടുളള ഏറ്റവും മികച്ച ക്രിക്കറ്റ് താരമാണ്. ഏകദിനത്തില്‍ 75 വിക്കറ്റും ടെസ്റ്റില്‍ 87 വിക്കറ്റും ശ്രീ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.