കെ.എം മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് കെപിസിസി പ്രസിഡന്റിന്റെ ചുമതലയുളള എം.എം ഹസന്‍. മലപ്പുറത്ത് കെ.എം മാണിയുടെ പിന്തുണ ഗുണം ചെയ്തെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് കെ.എം മാണി നല്‍കിയത് യുഡിഎഫിനുളള പിന്തുണയായിരുന്നു. മാണിയുടെ മടങ്ങിവരവ് ഈ വെളളിയാഴ്ച ചേരുന്ന യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യും. സംഘടനാ തെരഞ്ഞെടുപ്പില്‍ സമവായം വേണമോ എന്നുളള കാര്യവും ചര്‍ച്ച ചെയ്യും.
ഉമ്മന്‍ചാണ്ടി കെപിസിസി പ്രസിഡന്റാകണമെന്നാണ് തന്റെ ആഗ്രഹമെന്നും ഹസന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ചരല്‍ക്കുന്നില്‍ ചേര്‍ന്ന സമ്മേളനത്തെടെ കെ.എം മാണി യുഡിഎഫ് വിട്ടിരുന്നു. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായ പി.കെ കുഞ്ഞാലിക്കുട്ടിക്ക് പിന്തുണ നല്‍കുകയും ചെയ്തിരുന്നു. മുസ്ലിംലീഗിന്റെ കത്ത് കിട്ടിയതിന് ശേഷമാണ് പിന്തുണ പ്രഖ്യാപിച്ചതെന്നാണ് മാണി ഇതിന് നല്‍കിയ വിശദീകരണം.
മലപ്പുറത്തെ ജയം യുഡിഎഫിന്റേത് അല്ലെന്നും മുസ്ലിം ലീഗിന് മാത്രം അവകാശപ്പെട്ടതാണെന്നും കെ.എം മാണി ഇന്നലെ പറഞ്ഞിരുന്നു. പാലായില്‍ കേരള കോണ്‍ഗ്രസിനേയും പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിനേയും പോലെ മലപ്പുറത്ത് ലീഗിനെ മാറ്റി നിര്‍ത്താനാവില്ലെന്നും മാണി വ്യക്തമാക്കി. പികെ കുഞ്ഞാലിക്കുട്ടി നേടിയത് തിളക്കമാര്‍ന്ന വിജയമാണ്. അതില്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും മാണി പറഞ്ഞു. ഇതിന് പിന്നാലെയാണ് മാണിക്കുളള ക്ഷണമെത്തുന്നതും.