മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി ബിജെപിക്കുളളില്‍ ഭിന്നതയില്ലെന്ന് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ബിജെപിക്ക് പാളീച്ചകള്‍ ഉണ്ടായിട്ടില്ലെന്നും വീഴ്ച പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വലിയ മുന്നേറ്റം കാഴ്ച വെക്കാന്‍ കഴിഞ്ഞില്ലെങ്കിലും വോട്ടുകള്‍ കൂടി. മലപ്പുറം ബിജെപിയുടെ ശക്തികേന്ദ്രമല്ലെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് സംഭവിച്ചത് അത്ഭുതമൊന്നും അല്ലെന്ന് ബിജെപി എംഎല്‍എയും മുതിര്‍ന്ന നേതാവുമായ ഒ. രാജഗോപാലും വ്യക്തമാക്കി. മോഡി വിരുദ്ധ വികാരമുളള സംസ്ഥാനത്ത് വോട്ടര്‍മാര്‍ യുഡിഎഫിനെ സഹായിച്ചെന്നും രാജഗോപാല്‍ പറഞ്ഞു.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെക്കാള്‍ 957 വോട്ടുകള്‍ മാത്രമാണ് ബിജെപിയ്ക്ക് ഇത്തവണ അധികം ലഭിച്ചത്. ശ്രീപ്രകാശ് തന്നെയായിരുന്നു കഴിഞ്ഞതവണയും സ്ഥാനാര്‍ത്ഥി. ഒരുലക്ഷമെങ്കിലും വോട്ട് പിടിക്കാമെന്ന ലക്ഷ്യത്തോടെ പ്രചാരണത്തിനിറങ്ങിയിട്ട് അതിനടുത്ത് പോലും വോട്ട് പിടിക്കാത്തതിനെ തുടര്‍ന്നാണ് ബിജെപിക്കുളളില്‍ ഭിന്നതകളുയരുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഇതിനെയെല്ലാം നിഷേധിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍. ബിജെപിയുടെ സംസ്ഥാന ഭാരവാഹി യോഗവും നേതൃയോഗവും ഇന്ന് പാലക്കാട് ചേരുകയാണ്. അതിനിടെയാണ് കുമ്മനത്തിന്റ പ്രതികരണം.
ഒരു ലക്ഷത്തോളം വോട്ടുകള്‍ പിടിക്കുമെന്ന പ്രഖ്യാപനത്തോടെ ഉപതെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിയ്ക്ക് ഒരു വര്‍ഷത്തിനിടെ നഷ്ടമായത് ഏഴായിരത്തിലേറെ വോട്ടുകള്‍. നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ താരതമ്യത്തിലാണ് അഞ്ചുമണ്ഡലങ്ങളില്‍ നിന്നായി 7775 വോട്ടുകള്‍ ബിജെപിക്ക് നഷ്ടമായതായി വ്യക്തമാകുന്നത്.
മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ പെരിന്തല്‍മണ്ണ, മങ്കട എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമാണ് ബിജെപിക്ക് വോട്ടുകള്‍ വര്‍ധിച്ചത്. ഇതാകട്ടെ നാമമാത്രമുളള വര്‍ധനയും. കൊണ്ടോട്ടി, മഞ്ചേരി, വളളിക്കുന്ന് എന്നീ മണ്ഡലങ്ങളില്‍ ബിജെപിക്ക് വോട്ടുകള്‍ നഷ്ടമാകുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി എടുത്തുകാട്ടിയ വളളിക്കുന്ന് മണ്ഡലത്തില്‍ 17,190 വോട്ടുകള്‍ മാത്രമെ ബിജെപിക്ക് നേടാനായുളളു.