ചെന്നൈ: ചിന്നമ്മ ശശികലയേയും മന്നാര്‍ഗുഡി മാഫിയയേയും വെട്ടി നിരത്തി ഒന്നാകാന്‍ ഒ പനീര്‍ശെല്‍വം ക്യാമ്പും മുഖ്യമന്ത്രി എടപ്പാടി കെ പളനിസാമിയും തമ്മില്‍ ലയന ചര്‍ച്ചകള്‍. അണ്ണാഡിഎംകെ വിമത വിഭാഗമായ ഒപിഎസിന്റെ അണ്ണാഡിഎംകെ പുരട്ചി തലൈവി അമ്മയും ചിന്നമ്മ ശശികലയ്ക്കൊപ്പമുണ്ടായിരുന്ന അണ്ണാഡിഎംകെ അമ്മയും തമ്മിലാണ് ചര്‍ച്ച. ഗവണ്‍മെന്റ് താഴെ പോകാതെ പിടിച്ചുനിര്‍ത്താന്‍ ശശികലയേയും മന്നാര്‍ഗുഡി മാഫിയയേയും പാര്‍ട്ടിക്ക് പുറത്താക്കണമെന്ന് എംഎല്‍എമാര്‍ ആവശ്യപ്പെട്ടതോടെയാണ് ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനായ ഒപിഎസിനെ തിരിച്ചു കൊണ്ടുവന്ന് പാര്‍ട്ടി ശക്തിപ്പെടുത്താന്‍ മുഖ്യമന്ത്രി പളനിസാമി തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് ഇരുവിഭാഗവും ഐഎന്‍എസ് ചെന്നൈ കപ്പലില്‍ ചര്‍ച്ച നടത്തി.
പാര്‍ട്ടി ഒന്നിച്ച് മുന്നോട്ട് പോകുമെന്ന് പനീര്‍ശെല്‍വം സൂചിപ്പിച്ചതും ശശികലയുടെ വിശ്വസ്തനായിരുന്ന തമ്പിദുരൈയും ഇക്കാര്യം സ്ഥിരീകരിച്ചതും ലയനം യാഥാര്‍ത്ഥ്യമാകുന്നതിന്റെ സൂചനയാണ്. ശശികലയേയും അവര്‍ പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാക്കിയ അനന്തരവന്‍ ടിടിവി ദിനകരനേയും പുറത്താക്കി പനീര്‍ശെല്‍വത്തെ ജനറല്‍ സെക്രട്ടറിയാക്കാനാണ് ഫോര്‍മുലയില്‍ തീരുമാനമായിരിക്കുന്നത്. മുഖ്യമന്ത്രിയായി പളനിസാമി തന്നെ തുടരുമെന്നാണ് മറ്റൊരു കരാര്‍. ഇവ അടക്കം പലകാര്യങ്ങളിലുമുള്ള കരാറില്‍ പനീര്‍ശെല്‍വം ക്യാമ്പിന്റേയും പളനിസാമി ക്യാമ്പിന്റേയും അംഗീകാരം കിട്ടിയാല്‍ രണ്ട് വിഭാഗമായി നിന്ന അണ്ണാഡിഎംകെ ഒന്നാകും. ചിന്നമ്മയും മന്നാര്‍ഗുഡി മാഫിയയും പാര്‍ട്ടിക്ക് പുറത്തും.
അണ്ണാഡിഎംകെ രണ്ടില ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സ്വാധീനിക്കാന്‍ കോഴ കൊടുക്കാന്‍ ശ്രമം നടത്തിയതിന് ഡല്‍ഹി പൊലീസ് ദിനകരനെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇതില്‍ അറസ്റ്റ് ഇന്നുണ്ടാവാനും സാധ്യതയുണ്ട്. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നതടക്കം കാര്യങ്ങള്‍ തീരുമാനമായെന്നും രണ്ട് മന്ത്രിമാര്‍ തീരുമാനങ്ങള്‍ ദിനകരനെ അറിയിക്കുമെന്നുമാണ് സൂചന.
ശശികലയുടെ നിഴലായി സര്‍ക്കാരിനെ നയിച്ച എടപ്പാടി പളനിസാമിക്ക് ചിന്നമ്മയും മന്നാര്‍ഗുഡി മാഫിയയും പാര്‍ട്ടിക്ക് പുറത്താവുന്നതോടെ സ്വതന്ത്രമായി നില്‍ക്കാന്‍ കഴിയുമെന്നതാണ് ആശ്വാസം. പനീര്‍ശെല്‍വം ജനറല്‍ സെക്രട്ടറിയായി തിരിച്ചുവന്നാല്‍ അണ്ണാഡിഎംകെയ്ക്ക് ജനങ്ങളുടെ പിന്തുണയും കിട്ടുമെന്നും പളനിസാമി സര്‍്ക്കാര്‍ കണക്കുകൂട്ടുന്നു. പ്രതിപക്ഷമായ ഡിഎംകെയ്ക്ക് കൂടുതല്‍ ആയുധം നല്‍കാതെ പാര്‍ട്ടിയും സര്‍ക്കാരും തല ഉയര്‍ത്തി നില്‍ക്കാന്‍ മന്നാര്‍ഗുഡി സംഘത്തെ പുറത്താക്കണമെന്നാണ് ഭൂരിപക്ഷത്തിന്റേയും അഭിപ്രായമെന്നതും ഒപിഎസ്- ഇപിഎസ് പക്ഷത്തിന്റെ ഒന്നാകല്‍ വേഗത്തിലാക്കും.