വിമാന റാഞ്ചല്‍ ഭീഷണി; മുംബൈ, ഹൈദരാബാദ്, ചെന്നൈ എയര്‍പോര്‍ട്ടുകളില്‍ കനത്ത ജാഗ്രത; സുരക്ഷ ഏഴ് മടങ്ങ് വര്‍ധിപ്പിച്ചു

മുംബൈ: വിമാന റാഞ്ചല്‍ ഭീഷണിയെ തുടര്‍ന്ന് മുംബൈ, ചെന്നൈ, ഹൈദരാബാദ് വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. മുംബൈ എയര്‍പോര്‍ട്ടിലാണ് അജ്ഞാത സ്ത്രീയുടെ ഇമെയില്‍ സന്ദേശം ലഭിച്ചത്. വിമാനം റാഞ്ചാന്‍ ഒരുങ്ങുന്നവരില്‍ 23 പേര്‍ ഉണ്ടെന്നും ആറംഗ സംഘമാണ് ഗൂഢാലോചന നടത്തിയതെന്നും മെയില്‍ പറയുന്നു.

ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രധാന വിമാനത്താവളങ്ങള്‍ക്ക് പുറമെ മെട്രോകളിലും സുരക്ഷ ശക്തമാക്കി. വിമാനത്താവളങ്ങളിലെ സുരക്ഷ ഏഴ് മടങ്ങ് വര്‍ധിപ്പിച്ചു.

സായുധരായ സിഐഎസ്എഫ് ജവാന്‍മാര്‍ എയര്‍പോര്‍ട്ടുകളില്‍ പട്രോളിങ് നടത്തുകയാണ്. വിമാനം ഹൈജാക്ക് ചെയ്യാന്‍ തീവ്രവാദി സംഘടനകള്‍ ശ്രമിച്ചേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുമുണ്ടെന്ന് വ്യോമയാന വൃത്തങ്ങള്‍ പറയുന്നു.

വിമാനത്താവളങ്ങളിലെ സന്ദര്‍ശകരുടെ പ്രവേശനം പരിമിതപ്പെടുത്തി. യാത്രക്കാരുടെ ഹാന്‍ഡ് ലഗേജുകള്‍ അടക്കമുള്ള ലഗേജുകള്‍ സൂക്ഷ്മമായി പരിശോധിക്കണമെന്ന് എയര്‍ലൈന്‍ കമ്പനികള്‍ക്ക് സുരക്ഷാ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.