പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം തുടരുമെന്ന് സിപിഐഎം. കാന്തി ദക്ഷിണ്‍ നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കും പുറകിലായി ഇടതുമുന്നണി മൂന്നാം സ്ഥാനത്തായതിന്റെ പശ്ചാത്തലത്തിലാണ് സിപിഐഎം സഖ്യത്തെ കുറിച്ച് പ്രതികരിച്ചത്.
നിരവധി ജില്ലകളിലും നിയോജക മണ്ഡലങ്ങളിലും ഞങ്ങള്‍ ശോഷിച്ചതു കൊണ്ടും ബിജെപിക്കെതിരെയും തൃണമൂലിനെതിരെയും പോരാട്ടം തുടരേണ്ടതിനാലും ഞങ്ങളുടെ സഖ്യം തുടരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്ര പറഞ്ഞു.
നേരത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അധീര്‍ ചൗദരിയും സഖ്യം തുടരുമെന്ന് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിനു വേണ്ടി മാത്രമല്ല സഖ്യം രൂപീകരിച്ചത്. ബിെജപിക്കും തൃണമൂലിനുമെതിരെയാണ് ഞങ്ങള്‍ സഖ്യം രൂപീകരിച്ചത് എന്നായിരുന്നു അധീര്‍ ചൗദരി പറഞ്ഞത്.
ബംഗാളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കും പിറകിലായി പോയ ഇടതുമുന്നണി പ്രകടനത്തിന്റെ കാരണം ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ബസു വ്യക്തമാക്കിയിരുന്നു . മോശം സംഘടന സംവിധാനമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്‍ക്കുന്നത്് അത് കൊണ്ടാണ് മുന്നണിക്ക് പരാജയമേല്‍ക്കേണ്ടി വന്നതെന്ന്് ബിമന്‍ ബസു പറഞ്ഞു.
ലോക്‌സഭ ഉപതെരഞ്ഞെടുപ്പുകളിലും തിലയിടങ്ങളില്‍ ബിജെപി രണ്ടാം സ്ഥാനത്ത് വന്നിരുന്നു. ഇപ്പോള്‍ ലഭിച്ച രണ്ടാം സ്ഥാനത്തോടെ ബിജെപി മുഖ്യ പ്രതിപക്ഷ കക്ഷിയാവാനുള്ള മത്സരത്തില്‍ ഒരടി മുന്നോട്ട് വച്ചു.
തെരഞ്ഞെടുപ്പ് നടന്ന കാന്തി സൗത്ത് മണ്ഡലത്തില്‍ ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഐഎമ്മില്‍ ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങളില്‍ ഇരുന്നവരുള്‍പ്പെടെയുള്ള അംഗങ്ങള്‍ ബിജെപിയിലേക്ക് പോയിട്ടുണ്ടെന്ന് ബിമന്‍ ബസു പ്രതികരിച്ചു.
ഉപതെരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി 17,423 വോട്ടാണ് നേടിയത്. എസ്‌യുസിഐ സ്ഥാനാര്‍ത്ഥി 1476 വോട്ടുകള്‍ നേടി. ബിെജപി കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ 30 ശതമാനം വോട്ടാണ് നേടിയത്. സിപിഐഎമ്മും കോണ്‍ഗ്രസും ബിജെപിക്ക് വോട്ടുമറിച്ചതായി മമത ബാനര്‍ജി ആരോപിച്ചിരുന്നു.
24 ശതമാനം വോട്ടാണ് ഇടത് മുന്നണിക്ക് കുറഞ്ഞത്. മികച്ച നേതൃത്വത്തിന്റെ അഭാവമാണ് ഇടത് മുന്നണി നേരിടുന്നതെന്ന് പ്രവര്‍ത്തകര്‍ പറയുന്നു.
മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയെന്ന സ്ഥാനം പോയതോടെയാണ് മുന്നണിയുടെ തകര്‍ച്ച ആരംഭിക്കുന്നത്. ആദ്യം തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പ്രവര്‍ത്തകര്‍ പോയി. പിന്നീട് ബിജെപിയിലേക്കും. തൃണമൂല്‍ കോണ്‍ഗ്രസ് മറ്റു പാര്‍ട്ടികളില്‍ നിന്ന് പ്രവര്‍ത്തകരെ ചോര്‍ത്താന്‍ തുടങ്ങിയതോടെ വലിയ ശോഷണമാണ് സിപിഐമ്മിന്റെ അടിത്തറക്ക് സംഭവിച്ചതെന്നും മുതിര്‍ന്ന ഒരു സിപിഐഎം നേതാവ് പറഞ്ഞു.