ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ഫാറുഖ് അബ്ദുള്ളക്ക് ജയം; ഏറ്റവും കുറവ് പോളിങ് നടന്ന തെരഞ്ഞെടുപ്പില്‍ പിഡിപി സ്ഥാനാര്‍ത്ഥിക്ക് തോല്‍വി

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗര്‍ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ത്ഥി ഫാറൂഖ് അബ്ദുള്ളക്ക് വിജയം. കശ്മീരിലെ ഭരണപക്ഷമായ പിഡിപിയുടെ സ്ഥാനാര്‍ത്ഥി നാസിര്‍ അഹമ്മദ് ഖാനെ തോല്‍പ്പിച്ചാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുള്ള ജയിച്ചത്. കശ്മീര്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയ ഉപതെരഞ്ഞെടുപ്പില്‍ 9000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 79 വയസുകാരനായ അബ്ദുള്ള വിജയിച്ചത്.

വിഘടനവാദികളുടെ ബഹിഷ്‌കരണ ആഹ്വാനത്തെ തുടര്‍ന്ന് 7 ശതമാനം പോളിങാണ് ശ്രീനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ഉണ്ടായത്. തെരഞ്ഞെടുപ്പിന് ഇടയിലെ വെടിവെപ്പിലും സംഘര്‍ഷത്തിലും എട്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. അനിഷ്ട സംഭവങ്ങളെ തുടര്‍ന്ന് മാറ്റിവെച്ച 38 ഇടങ്ങളിലെ റീപോളിങിലും രണ്ട് ശതമാനം പോളിങ് മാത്രമാണ് നടന്നത്.

2014ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ പിഡിപി സ്ഥാനാര്‍ത്ഥിയായ തെരീഖ് ഹമീദ് ഖാരയോട് ഫാറൂഖ് അബ്ദുള്ള പരാജയപ്പെട്ടിരുന്നു. ഖാര പിഡിപിയില്‍ നിന്ന് രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് സംജാതമായത്. പിഡിപി- ബിജെപി സഖ്യം ഭരിക്കുന്ന ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സിന് കോണ്‍ഗ്രസ് പിന്തുണ നല്‍കുകയും ചെയ്തതോടെ ഫാറൂഖ് അബ്ദുള്ളക്ക് ഖാര എതിരാളി അല്ലാതെയായി.

രക്തച്ചൊരിച്ചിലുണ്ടായ ഏറ്റവും ദുംഖപൂര്‍ണമായ തെരഞ്ഞെടുപ്പാണ് ഇതെന്നും അതിനാല്‍ ഈ വിജയത്തില്‍ വലിയ ആഹ്ലാദമില്ലെന്നും അബ്ദുള്ള പ്രതികരിച്ചു. ഏപ്രില്‍ 9ന് നടന്ന തെരഞ്ഞെടുപ്പില്‍ വലിയ അക്രമമാണ് അരങ്ങേറിയത്. റീപോളിങ് നടത്തിയ പല ബൂത്തുകളിലും ഒരു വോട്ടുപോലും വീണില്ലെന്നതും തെരഞ്ഞെടുപ്പിലെ അക്രമങ്ങളുടെ ഭീതിത മുഖം വെളിവാക്കുന്നു.

© 2024 Live Kerala News. All Rights Reserved.