‘പൊതു അവധികള്‍ അധികം വേണ്ട’ ; യോഗിയുടെ അടുത്ത പരിഷ്‌കരണം; ആദ്യം സ്‌കൂളില്‍ നിന്നും തുടങ്ങും; മഹാന്‍മാരുടെ പിറന്നാള്‍ ദിനങ്ങളിലും ക്ലാസ് നടക്കണം

ലഖ്‌നൗ: സംസ്ഥാനത്തെ പൊതു അവധി ദിനങ്ങള്‍ വെട്ടിചുരുക്കാന്‍ യുപിയിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഒരുങ്ങുന്നു. സ്‌കൂളുകളില്‍ നിന്നുമാണ് പുതിയ പരിഷ്‌കരണത്തിന് തുടക്കം. മഹാന്‍മാരുടെ ജന്‍മദിനത്തില്‍ ഇനി മുതല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് അവധിയില്ല. അവധി നല്‍കുന്നതിന് പകരം മഹാന്‍മാരെ കുറിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ രണ്ട് മണിക്കൂര്‍ പ്രോഗ്രാം സംഘടിപ്പിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്‌കൂള്‍ അധികൃതരോട് നിര്‍ദേശിച്ചു.

ഡോ. ബിആര്‍ അബ്ദേക്കറിന്റെ 126ാം ജന്മദിന വാര്‍ഷിക ആഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. മഹാന്‍മാരുടെ ഓര്‍മ്മകള്‍ എന്നും നിലനില്‍ക്കണം. മഹാന്‍മാരില്‍ നിന്നും രാജ്യത്തിന് വേണ്ടിയുള്ള അവരുടെ സംഭാവനകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാന്‍ കുട്ടികളെ പ്രചോദിതരാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

പൊതു അവധികള്‍ കാരണം 220 അധ്യയന ദിനങ്ങള്‍ 120 ആയി കുറഞ്ഞു. പൊതു അവധികള്‍ നല്‍കുന്ന സമ്പ്രദായം ഇനിയും തുടര്‍ന്നാല്‍ കുട്ടികളെ പഠിപ്പിക്കാന്‍ ദിനങ്ങള്‍ ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

യുപിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിലവില്‍ 40 പൊതു അവധികളാണ് ഉള്ളത്. മറ്റു സംസ്ഥാനങ്ങളില്‍ നല്‍കുന്നതിന്റെ ഇരട്ടി അവധികള്‍. പ്രത്യേക സമുദായങ്ങളുടെ വോട്ടു ബാങ്ക് ലക്ഷ്യമിട്ട് മുന്‍ സമാജ്‌വാദി സര്‍ക്കാരിന്റെ കാലത്താണ് പൊതു അവധികളുടെ എണ്ണം കൂട്ടിയത്.

തന്റെ സര്‍ക്കാരിന് കീഴില്‍ സംസ്ഥാനത്ത് ആര്‍ക്കെതിരേയും വിവേചനമോ അനീതിയോ ഉണ്ടാകില്ല. സംസ്ഥാനത്തെ 22 കോടി ജനതയുടെ സുരക്ഷയ്ക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. നിയമം കയ്യിലെടുക്കാന്‍ ആരേയും അനുവദിക്കില്ലെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.