താനൂരിലെ സംഘര്‍ഷം: പൊലീസും അക്രമികളെ പോലെ അഴിഞ്ഞാടിയെന്ന് ന്യൂനപക്ഷ കമ്മീഷന്‍; കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണം

 

മലപ്പുറം താനൂരില്‍ കഴിഞ്ഞമാസമുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് അക്രമികളെ പോലെ അഴിഞ്ഞാടിയെന്നും നാശനഷ്ടം വരുത്തിയെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍. താനൂരില്‍ നടന്ന സംഘര്‍ഷവുമായി ബന്ധമില്ലാത്തവരുടെ വീടുകള്‍ തകര്‍ത്ത പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നും കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇരകളായവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനും റിട്ട. ജഡ്ജിയുമായ പി.കെ ഹനീഫയും അഡ്വ. ബിന്ദു എം തോമസും നടത്തിയ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2016 മാര്‍ച്ച് 12ന് രാത്രിയാണ് താനൂരിലെ തീരദേശമേഖലയായ കോര്‍മന്‍ കടപ്പുറം, ചാപ്പപ്പടി, ആല്‍ബസാര്‍ എന്നിവിടങ്ങളില്‍ മുസ്ലിംലീഗ്‌സിപിഐഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത്. നിരവധി വീടുകള്‍, വാഹനങ്ങള്‍, മത്സ്യബന്ധന ഉപകരണങ്ങള്‍ എന്നിവ സംഘര്‍ഷത്തില്‍ തകര്‍ക്കപ്പെട്ടു. പൊലീസ് എത്തിയതിനാല്‍ അനിഷ്ട സംഭവങ്ങള്‍ വ്യാപിക്കുന്നത് തടയാനായി. അതേസമയം തന്നെ ചിലയിടങ്ങളില്‍ ഇവര്‍ അക്രമികളെ പോലെ പെരുമാറി.
താനൂര്‍, ഊട്ടുപുറം, അഴിമുഖം റോഡിന് ഇരുവശത്തും താമസിക്കുന്ന ഇരുപതോളം വീടുകളിലേക്ക് എആര്‍ ക്യാംപില്‍ നിന്നുളള പൊലീസുകാര്‍ അതിക്രമിച്ചുകയറി നാശനഷ്ടമുണ്ടാക്കിയെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയ വിവരവും റിപ്പോര്‍ട്ടിലുണ്ട്. ഇവിടെയുളള നിരപരാധികളായ കുടുംബങ്ങള്‍ക്ക് പൊലീസുകാരുടെ നടപടി മൂലമുണ്ടായ മുഴുവന്‍ നാശനഷ്ടത്തിനും നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നും ഇതിനായി വിദഗ്ധ സമിതിയെ നിയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

അക്രമങ്ങളുമായി ബന്ധപ്പെട്ടവരെ കണ്ടുപിടിക്കുന്നതിനും ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ കീഴില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും അറസ്റ്റിലായ ചിലരില്‍ നിരപരാധികളുണ്ടെന്ന പരാതികള്‍ പരിശോധിക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു.

© 2024 Live Kerala News. All Rights Reserved.