ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ എട്ട് സംസ്ഥാനങ്ങളിലെ നടന്ന ഉപതെരഞ്ഞെടുപ്പിലും നേട്ടം കൊയ്ത് ബിജെപി. പത്ത് നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന വോട്ടെടുപ്പില്‍ ഫലം വന്ന മൂന്ന് സീറ്റുകളിലും ബിജെപി ജയിച്ചു. മൂന്ന് സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നു.
ഡല്‍ഹി രാജൗരി ഗാര്‍ഡന്‍ മണ്ഡലം ബിജെപി ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പിടിച്ചെടുത്തു. ആപ്പ് സ്ഥാനാര്‍ത്ഥിയ്ക്ക് മൂന്നാം സ്ഥാനത്തേ എത്താനായുള്ളൂ. കെട്ടിവെച്ച പണം പോലും ആപ്പിന് നഷ്ടമായി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ് രണ്ടാം സ്ഥാനത്ത്.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി ആം ആദ്മിയുടെ ജര്‍നെയില്‍ സിങ് എംഎല്‍എ സ്ഥാനം രാജിവെച്ചതോടെയാണ് രാജൗരിയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കെജ്രിവാള്‍ സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഭരണത്തിന്റെ വിലയിരുത്തലായാണ് ഉപതെരഞ്ഞെടുപ്പ് ഫലത്തെ ബിജെപിയും കോണ്‍ഗ്രസും നോക്കി കാണുന്നത്. അസമിലെ ദേമാജി മണ്ഡലവും ഹിമാചല്‍ പ്രദേശിലെ ഭോറഞ്ച് മണ്ഡലവുമാണ് ബിജെപി ജയിച്ച മറ്റു രണ്ട് സീറ്റുകള്‍.
കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, അസം, ഡല്‍ഹി, ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ് എന്നീ സ്ഥാനങ്ങളിലെ മണ്ഡലങ്ങളിലേക്ക് ഞായറാഴ്ച്ചയാണ് വോട്ടെടുപ്പ് നടന്നിരുന്നത്.
മധ്യ പ്രദേശിലെ ബന്ദാവ്ഗഡിലും ബിജെപിയ്ക്കാണ് മേല്‍ക്കൈ. മധ്യപ്രദേശിലെ അടെറില്‍ മുന്നിലുള്ളത് കോണ്‍ഗ്രസ്. അടെറില്‍ തെരഞ്ഞെടുപ്പിനിടെ കോണ്‍ഗ്രസ്ബിജെപി അനൂകൂലികള്‍ പരസ്പരം ഏറ്റുമുട്ടിയിരുന്നു.
കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടിലും നഞ്ചഗുഡിലും വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് മുന്നില്‍. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകയിലെ ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിയ്ക്കും കോണ്‍ഗ്രസ്സിനും നിര്‍ണായകമാണ്.