സിബിഐ നിലപാട് ഹൈക്കോടതി തളളി; കലാഭവന്‍ മണിയുടെ മരണം ഒരുമാസത്തിനുളളില്‍ ഏറ്റെടുക്കണമെന്ന് സിബിഐക്ക് കോടതിയുടെ നിര്‍ദേശം

നടന്‍ കലാഭവന്‍ മണിയുടെ മരണം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. നേരത്തെ കേസ് അന്വേഷണം ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. കരള്‍ രോഗമായിരുന്നു മണിയുടെ മരണകാരണമെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് തളളിയാണ് ഒരുമാസത്തിനുളളില്‍ അന്വേഷണം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി സിബിഐക്ക് നിര്‍ദേശം നല്‍കിയത്.

മണിയുടെ മരണത്തില്‍ ദുരൂഹത നടന്നിട്ടുണ്ടെന്നും അത് പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് സഹോദരന്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണം സിബിഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ സമര്‍പ്പിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ആഭ്യന്തരസെക്രട്ടറി ഉതു സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.
അന്വേഷണത്തിനുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന് കൈമാറുകയും ചെയ്തിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാനാകില്ല എന്ന നിലപാടിലായിരുന്നു സിബിഐ. തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. ഇതിനുശേഷമായിരുന്നു 2017 ഏപ്രില്‍ ആദ്യം കേന്ദ്ര ആഭ്യന്തരമന്ത്രിയെ കണ്ട് കലാഭവന്‍മണിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടതും പിന്നാലെ ഹൈക്കോടതി ഉത്തരവ് എത്തുന്നതും.

2016 മാര്‍ച്ച് ആറിനാണ് മണി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ചാലക്കുടി പുഴയോരത്തെ ഔട്ട് ഹൗസായിരുന്ന ‘പാടി’യില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ മണിയെ സുഹൃത്തുക്കളും സഹായികളും ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മണിയുടെ ആന്തരികാവയവങ്ങളില്‍ കീടനാശിനിയുടെയും വ്യാജമദ്യത്തിന്റേയും സാന്നിദ്ധ്യമുണ്ടെന്ന് കാക്കനാട്ടെ ലാബില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞിരുന്നു.

എന്നാല്‍ ഹൈദരാബാദിലെ കേന്ദ്ര ലാബില്‍ നടത്തിയ വിദഗ്ധ പരിശോധനയില്‍ കീടനാശിനിയുടെ സാന്നിധ്യം തള്ളി. മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തുകയും ചെയ്തു.മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ നടന്‍മാരായ ജാഫര്‍ ഇടുക്കി, സാബു എന്നിവര്‍ക്കെതിരെയും മറ്റു സുഹൃത്തുക്കള്‍ക്കുമെതിരെ മണിയുടെ സഹോദരന്‍ സംശയമുന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് എല്ലാവരേയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.