തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് തന്നോട് പകയും വൈരാഗ്യവുമെന്ന് ഡിജിപി ഓഫീസിന് മുന്നിലെ സമരത്തില്‍ അറസ്റ്റിലായ പൊതുപ്രവര്‍ത്തകന്‍ കെഎം ഷാജഹാന്‍. ലാവ്‌ലിന്‍ കേസിലെ നിലപാടാണ് പിണറായിക്ക് തന്നോടുള്ള വൈരാഗ്യത്തിന് കാരണമെന്നും ആ പക തീര്‍ക്കാമെന്നാണെങ്കില്‍ കേരളത്തില്‍ അത് നടക്കില്ലെന്നും ഷാജഹാന്‍ പറഞ്ഞു. പിണറായിയുടെ അഹങ്കാരത്തിന് മറുപടി നല്‍കും. ഇനിയുള്ള ജീവിതം അതിന് വേണ്ടിയാണെന്നും ജയില്‍ മോചിതനായ ഷാജഹാന്‍ പറഞ്ഞു.
80ാം വയസില്‍ തന്റെ അമ്മയ്ക്ക് ഈ പോരാട്ട വീര്യമുണ്ടെങ്കില്‍ ആ അമ്മയുടെ മോന്‍ തന്നെയാണ് താന്‍. ആ രക്തമാണ് തന്റെയുള്ളില്‍ ഉള്ളതെന്നും പോരാട്ടവീര്യമുള്ള കമ്മ്യൂണിസ്റ്റ് കുടുംബത്തിലാണ് താന്‍ ജനിച്ചതെന്ന് തെളിയിക്കുമെന്നും ഷാജഹാന്‍ പറഞ്ഞു. മൂന്നാം തലമുറ കമ്മ്യൂണിസ്റ്റുകാരനാണ് താന്‍. എന്തിനാണ് തന്നെ ജയിലില്‍ അടച്ചതെന്ന് പിണറായി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്നെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ വ്യക്തിവിരോധം തന്നെയെന്ന് കെഎം ഷാജഹാന്‍ ആവര്‍ത്തിച്ചിരുന്നു. ഷാജഹാനോട് വ്യക്തിവിരോധമില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ നേരത്തെ തീര്‍ക്കാമായിരുന്നല്ലോ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം ഷാജഹാന്‍ തള്ളുകയും ചെയ്തു. വ്യക്തിവിരോധമല്ലെങ്കില്‍ പിന്നെ എന്തിനാണ് അറസ്റ്റ് ചെയ്ത് ഏഴ് ദിവസം ജയിലില്‍ തടവിലിട്ട് പീഡിപ്പിച്ചതെന്ന് പിണറായി വിജയന്‍ വ്യക്തമാക്കണമെന്നും ഷാജഹാന്‍ ആവശ്യപ്പെട്ടു.
അറസ്റ്റ് ചെയ്തതിന് പിന്നില്‍ വ്യക്തിവിരോധം തന്നെയാണ് കാരണം. ഏഴ് ദിവസം ജയിലിലടച്ച് പീഡിപ്പിക്കാന്‍ മറ്റ് കാരണങ്ങളില്ലെന്നും ഷാജഹാന്‍ പറഞ്ഞു. ഷാജഹാനടക്കം ഡിജിപി ആസ്ഥാനത്ത് നിന്ന് പൊലീസ് ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത അഞ്ച് പേര്‍ക്കും തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം നല്‍കിയിരുന്നു. 15,000 രൂപയുടെ രണ്ട് ആള്‍ജാമ്യത്തിനൊപ്പം ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. കേസിനെ കുറിച്ച് പുറത്ത് ചര്‍ച്ച ചെയ്യരുതെന്നും ജില്ല വിട്ട് പോകരുതെന്നുമാണ് ഉപാധികള്‍.