ജിഷ്ണു പ്രണോയിയുടെ കേസില്‍ പ്രശ്‌നം പരിഹരിക്കാന്‍ വൈകിയത് എന്താണെന്ന് മുഖ്യമന്ത്രിയോട് ചോദിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സര്‍ക്കാരിന്റെ പ്രതിച്ഛായയെ സമരം ബാധിച്ചോ എന്ന കാര്യം ജനം പരിശോധിക്കട്ടെ. കെ.എം ഷാജഹാന്റെ അറസ്റ്റുമായി ബന്ധപ്പെട്ടുളള കാര്യങ്ങളില്‍ അന്യായതടവാണോ ഉളളതെന്ന് പരിശോധിച്ച ശേഷം പറയാം. ഡിജിപി ഓഫിസിന് മുന്നില്‍ നടന്ന അതിക്രമങ്ങളില്‍ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നുളള ചോദ്യത്തിന് നിലപാട് വ്യക്തമാക്കാതെ കാനം ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.
ജിഷ്ണുവിന്റെ കുടുംബത്തിനെതിരായി ഡിജിപി ഓഫിസിന് മുന്നില്‍ നടന്ന അതിക്രമങ്ങളില്‍ പുതിയ അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. െ്രെകം ബ്രാഞ്ച് എഡിജിപി നിതിന്‍ അഗര്‍വാളിനാണ് പുതിയ ഉന്നതതല അന്വേഷണത്തിന്റെ ചുമതല. ഇന്നലെ സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പുതിയ അന്വേഷണം. നേരത്തെ സംഭവത്തെക്കുറിച്ച് ഐജി മനോജ് എബ്രഹാം നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടില്‍ പൊലീസിന് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു.
മുഖ്യമന്ത്രിയും ഇത് അംഗീകരിച്ചിരുന്നു. എന്നാല്‍ പൊലീസ് അതിക്രമം നടത്തിയെന്നും കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നുളള ആവശ്യത്തില്‍ ജിഷ്ണുവിന്റെ അമ്മ മഹിജ ഉറച്ചുനില്‍ക്കുകയായിരുന്നു. പൊലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ മഹിജയെ ഫോണില്‍ വിളിച്ച് ഉറപ്പുനല്‍കിയിരുന്നു.