വെള്ളാപ്പള്ളി കോളെജില്‍ മാനേജ്‌മെന്റ് പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചു; എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളെജ് അടിച്ചുതകര്‍ത്തു.

ആലപ്പുഴ: അധികൃതരുടെ മാനസികമായി പീഡനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ആലപ്പുഴയിലെ വെള്ളാപ്പള്ളി നടേശന്‍ കോളേജ് ഓഫ് എന്‍ജീനിയറിങ്ങ് കോളേജ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. കോളേജിലെ ജനല്‍ചില്ലുകളും സെക്യൂരിറ്റി ക്യാമറകളും അടിച്ചുതകര്‍ത്ത എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജ് പരിസരത്ത് പ്രതിഷേധിക്കുകയാണ്.

ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടയാന്‍ ശ്രമിച്ചെങ്കിലും ഗെയ്റ്റ് ചാടി കടന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജിനുള്ളില്‍ പ്രവേശിക്കുകയായിരുന്നു.
സ്വഭാവ ദൂഷ്യമുണ്ടെന്നും, ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍ വീട്ടില്‍ വിളിച്ച് പറഞ്ഞതാണ് വിദ്യാര്‍ത്ഥിയ്ക്ക് ആത്മഹത്യയ്ക്ക് ശ്രമിക്കാന്‍ കാരണമെന്ന് സഹപാഠികള്‍ പറയുന്നു. കോളേജ് ക്യാന്റീനിലെ ഭക്ഷണം മോശമായതിനെ തുടര്‍ന്ന് പുറത്തു പോയി ഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ ക്ലാസില്‍ എത്താന്‍ വൈകിയതാണ് പ്രിന്‍സിപ്പാളിന് ദേഷ്യമുണ്ടാകാന്‍ കാരണമെന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. പുറത്ത് പോയി ഭക്ഷണം കഴിച്ച മുഴുവന്‍ കുട്ടികളുടെ വീട്ടിലും പ്രിന്‍സിപ്പല്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു.

കോളേജ് ക്യാന്റീനിലെ ഭക്ഷണത്തില്‍ പല്ലിയെ കണ്ടതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ സൗകര്യമുണ്ടെങ്കില്‍ കഴിച്ചാല്‍ മതിയെന്നായിരുന്നു അധികൃതരുടെ മറുപടി. ഇതേ തുടര്‍ന്ന് കഴിഞ്ഞ ആറു ദിവസമായി പുറത്തു പോയാണ് കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് വിദ്യാര്‍ത്ഥികള്‍ ക്ലാസിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ കുട്ടികളെ ഭീഷണിപ്പെടുത്തി. ഇതിനു ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ത്ഥി മാനസികമായി തളര്‍ന്നിരുന്നുവെന്ന് സഹപാഠികള്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.