വാഷിംങ്ടണില്‍ ഇന്ത്യക്കാരന്‍ വെടിയേറ്റു മരിച്ചു; അക്രമം കവര്‍ച്ചാശ്രമത്തിനിടെ

വാഷിംങ്ടണ്‍: അമേരിക്കയില്‍ വീണ്ടും ഇന്ത്യക്കാരന്‍ വെടിയേറ്റ് മരിച്ചു. ഡല്‍ഹി സ്വദേശിയായ വിക്രം ജാര്‍യാല്‍ (26) ആണ് കൊല്ലപ്പെട്ടത്. കവര്‍ച്ചാശ്രമത്തിനിടെയാണ് കൊലപാതകം. വിദേശകാര്യമന്ത്രി സുഷമാസ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 25 ദിവസം മുന്‍പ് അമേരിക്കയിലെത്തിയ വിക്രം ബന്ധുവിന്റെ ഗ്യാസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുകയായിരുന്നു.
ഏപ്രില്‍ ആറിനാണ് സംഭവം. പ്രാദേശിക സമയം പുലര്‍ച്ചെ 1.30 ഓടെ ഗ്യാസ് സ്‌റ്റേഷന്‍ ആക്രമിച്ച കവര്‍ച്ചാ സംഘം വിക്രമിനെ നെഞ്ചില്‍ വെടിവെക്കുകയായിരുന്നു. വിക്രം സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണം സംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്. വിക്രമിന്റെ കുടുംബത്തിനാവശ്യമായ സഹായങ്ങള്‍ ചെയ്യാന്‍ സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ എംബസിയോടാവശ്യപ്പെട്ടിട്ടുണ്ടെന്ന് സുഷമാസ്വരാജ് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.