നാദാപുരം: ജിഷ്ണു കേസില്‍ പ്രതികളെ അറസ്റ്റ് ചെയ്യും വരെ നിരഹാരം തുടരുമെന്ന് സഹോദരി അവിഷ്ണ. സമരത്തില്‍ നിന്ന് പിന്നേട്ടില്ല ചേട്ടനുവേണ്ടി മരിക്കാനും തയ്യാറാണെന്ന് അവിഷ്ണ പറഞ്ഞു. അമ്മയെ അടിച്ച പൊലീസുകാര്‍ക്കെതിരെയും നടപടി വേണമെന്ന് അവിഷ്ണ ആവശ്യപ്പെട്ടു. വളയത്തെ വീട്ടില്‍ നാല് ദിവസമായി നിരാഹാര സമരത്തിലാണ് ജിഷ്ണുവിന്റെ സഹോദരി. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടി തയ്യാറായില്ല.
വളയത്തെ ജിഷ്ണുവിന്റെ വീടിനു ചുറ്റും പൊലീസ്‌കാര്‍ ഉണ്ട്. കുട്ടിയുടെ താത്പര്യമില്ലാതെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റാന്‍ തയ്യാറല്ല എന്ന നിലപാടിലാണ് ബന്ധുക്കള്‍. നാട്ടുകാരും ബന്ധുക്കളും സാമൂഹിക പ്രവര്‍ത്തകരുമുള്‍പ്പെട നിരവധി പേര്‍ സമരത്തിന് പിന്തുണ അറിയിച്ചു കൊണ്ട് വളയത്തെ ജിഷ്ണുവിന്റെ വീട്ടിലെത്തിയിട്ടുണ്ട്. വെള്ളം പോലും കുടിക്കാതെ നിരാഹാരമിരിക്കരുതെന്ന് അവിഷ്ണയോട് വളയത്തെ വീട്ടിലെത്തിയ ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ജിഷ്ണു പ്രണോയ് മരിച്ച് എണ്‍പത് ദിവസം പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് കുടുംബം ഏപ്രില്‍ ആറിന് നിരാഹാരസമരം നടത്താനായി പൊലീസ് ആസ്ഥാനത്ത് എത്തിയത്. എന്നാല്‍ അതീവ സുരക്ഷാ മേഖലയാണ് ഡിജിപിയുടെ ഓഫിസെന്ന് വ്യക്തമാക്കി പൊലീസ് ജിഷ്ണുവിന്റെ ബന്ധുക്കള്‍ക്കെതിരെ അതിക്രമം കാട്ടുകയായിരുന്നു. ജിഷ്ണുവിന്റെ അമ്മ മഹിജയെ പൊലീസ് ബലം പ്രയോഗിച്ച് വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തു നീക്കിയത്. ഇതിനു പിന്നാലെയാണ് ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയും നിരാഹാരമിരുന്നത്.