ഗോരക്ഷകരുടെ അഴിഞ്ഞാട്ടത്തില്‍ കേന്ദ്രസര്‍ക്കാരിനും ആറ് സംസ്ഥാനങ്ങള്‍ക്കും സുപ്രീം കോടതിയുടെ നോട്ടീസ്. രാജസ്ഥാനില്‍ പശുക്കളെ കടത്തിയെന്ന് ആരോപിച്ച് ഗോരക്ഷാ സേന മുസ്ലീം യുവാവിനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് രാജസ്ഥാനടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചത്. പശു സംരക്ഷണത്തിന്റെ പേരില്‍ സംസ്ഥാനങ്ങളില്‍ വര്‍ധിച്ചുവരുന്ന ഗോരക്ഷകരുടെ അതിക്രങ്ങളിലാണ് രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും കോണ്‍ഗ്രസ് അധികാരത്തിലുള്ള കര്‍ണാടകയ്ക്കുമാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്.
പശുസംരക്ഷണത്തിന്റെ മറവില്‍ നടക്കുന്ന തീവ്രഹിന്ദുത്വ വിഭാഗത്തിന്റെ ആള്‍ക്കൂട്ട വിചാരണയിലാണ് സുപ്രീം കോടതി ഇടപെടല്‍. സംസ്ഥാനങ്ങളോട് വിശദീകരണം ചോദിച്ചാണ് നോട്ടീസ്. അല്‍വാറില്‍ ഒരാള്‍ കൊല്ലപ്പെടുകയും അഞ്ചോളം പേര്‍ ആക്രമിക്കപ്പെടുകയും ചെയ്ത സംഭവത്തില്‍ രാജസ്ഥാന്‍ സര്‍ക്കാരിനോട് മേയ് മൂന്നിന് വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഗോരക്ഷകരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രസര്‍ക്കാരിനടക്കം സുപ്രീം കോടതി നോട്ടീസ് അയച്ചത്.
ജയ്പൂരില്‍ നടന്ന പശുമേളയില്‍ നിന്നും വാങ്ങിയ പശുക്കളെ കൊണ്ടുപോകും വഴിയാണ് പെഹ്ലു ഖാന്‍ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന നാല് സഹായികളേയും ഗോരക്ഷാസേന തല്ലിചതച്ചു. മേളയില്‍ നിന്നും പശുക്കളെ വാങ്ങിയതിന്റെ രേഖകള്‍ കാണിച്ചെങ്കിലും അതൊന്നും ഗോരക്ഷാ സേന കണക്കിലെടുത്തില്ല. പിക്ക്അപ്പ് ട്രക്കില്‍ നിന്നും വലിച്ചിഴച്ചാണ് അക്രമികള്‍ പെഹ്ലു ഖാനേയും സഹായികളേയും തല്ലിചതച്ചത്.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഗോവധത്തിനെതിരെ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നത്. കഴിഞ്ഞയാഴ്ച്ച ഗുജറാത്തില്‍ ഗോവധത്തിന് നല്‍കുന്ന ശിക്ഷ ജീവപര്യന്തമായി ഉയര്‍ത്തിയിരുന്നു. ബിജെപി ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയതിന് ശേഷം അനധികൃത അറവുശാലകള്‍ അടച്ചുപൂട്ടി. പശുക്കളെ കടത്തുന്നതിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിരോധനമേര്‍പ്പെടുത്തി. പശുവിനെ കൊല്ലുന്നവരെ തൂക്കിക്കൊല്ലണമെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിങ് പറഞ്ഞത് വിവാദമായിരുന്നു. ഗോവധത്തിന്റേയും പശുക്കടത്തിന്റേയും പേരില്‍ ആക്രമണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ബിജെപി സര്‍ക്കാരുകള്‍ നടപടിയെടുക്കുന്നില്ലെന്ന ആരോപണം ശക്തമാണ്.