അറുപത്തിനാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. സംവിധായകന്‍ പ്രിയദര്‍ശന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരങ്ങള്‍ തീരുമാനിച്ചത്. രാവിലെ പതിനൊന്നരയ്ക്ക് നടക്കുന്ന പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം. ദംഗലിലെ അഭിനയത്തിലൂടെ അമീര്‍ഖാന്‍, അലിഗഢിലെ സ്വവര്‍ഗാനുരാഗിയായ അധ്യാപകന്റെ വേഷം ഗംഭീരമാക്കിയ മനോജ് വാജ്‌പേയ്, പിങ്കിലെ അഭിനയത്തിന് അമിതാഭ് ബച്ചന്‍ എന്നിങ്ങനെ മൂന്നുപേരാണ് ജൂറിയുടെ അന്തിമലിസ്റ്റില്‍ വന്നതെന്നാണ് വിവരങ്ങള്‍. കമ്മട്ടിപ്പാടത്തിലെ ഗംഗയെ അനശ്വരമാക്കിയതിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം കരസ്ഥമാക്കിയ വിനായകന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ഉണ്ടായേക്കും. മലയാളത്തില്‍ നിന്നും പത്ത് സിനിമകളാണ് പ്രാദേശിക ജൂറി സമര്‍പ്പിച്ചിരുന്നത്. ഇതില്‍ നിന്നും മലയാളത്തിന് എട്ടുപുരസ്‌കാരങ്ങള്‍ ലഭിക്കുമെന്നും അറിയുന്നു.
ദക്ഷിണേന്ത്യന്‍ സിനിമകളുടെ എണ്ണക്കൂടുതല്‍ പരിഗണിച്ച് രണ്ട് ജൂറി പാനല്‍ ഉണ്ടായിരുന്നു. സൗത്ത് വണ്‍, സൗത്ത് ടു കാറ്റഗറികളില്‍ തമിഴ്, മലയാളം സിനിമകള്‍ സൗത്ത് വണ്‍ കാറ്റഗറിയിലുള്ള ജൂറിയാണ് പരിഗണിച്ചത്. തമിഴ്, മലയാളം സിനിമകളെ പരിഗണിച്ച പ്രാദേശിക ജൂറിയില്‍ മലയാളി സംവിധായകന്‍ ആര്‍ എസ് വിമല്‍ അംഗമായിരുന്നു. ബംഗാളി സിനിമകളെ വിലയിരുത്തിയ ജൂറിക്ക് നേതൃത്വം കൊടുത്തത് സംവിധായകന്‍ ശ്യാമപ്രസാദാണ്.
മലയാളം,തമിഴ്,ഭാഷകളില്‍ നിന്നുള്ള സിനിമകള്‍ക്കായുള്ള റീജനല്‍ ജൂറിയില്‍ മലയാളി സംവിധായകന്‍ ആര്‍ എസ് വിമലിനെ കൂടാതെ തമിഴില്‍ നിന്ന് സംവിധായകന്‍ ബാലാജി ശക്തിവേല്‍ അംഗമായിരുന്നു. തമിഴിലെയും മലയാളത്തിലെ നവനിര സിനിമകളും പരീക്ഷണ ചിത്രങ്ങളുമാണ് ജൂറിയുടെ പരിഗണനയായതെന്നറിയുന്നു. പ്രാദേശിക ജൂറിയാണ് ദേശീയ ജൂറി പരിഗണിക്കേണ്ട ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്. ഈ സിനിമകളില്‍ നിന്നാണ് പ്രിയദര്‍ശന്‍ ചെയര്‍പേഴ്‌സണായ ആറംഗ ജൂറി മികച്ച സിനിമകള്‍ തെരഞ്ഞെടുത്തത്.
കഴിഞ്ഞ തവണ നാല് പുരസ്‌കാരങ്ങളും പ്രത്യേക ജൂറി പരാമര്‍ശവും മലയാളത്തിന് ലഭിച്ചിരുന്നു. ഇത്തവണ പുരസ്‌കാരങ്ങളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് വിവരങ്ങള്‍. മലയാളത്തില്‍ നിന്ന് മഹേഷിന്റെ പ്രതികാരം, ഒറ്റയാള്‍ പാത, കമ്മട്ടിപ്പാടം,ഗപ്പി, കാട് പൂക്കുന്ന നേരം, പിന്നെയും, മിന്നാമിനുങ്ങ്, കാംബോജി, എന്നിവയാണ് ദേശീയ അവാര്‍ഡ് ജൂറിക്ക് മുന്നിലേക്ക് പ്രാദേശിക ജൂറി സമര്‍പ്പിച്ചിരിക്കുന്നതെന്ന് അറിയുന്നു. ഇവ കൂടാതെ സെന്‍സറിംഗ് പൂര്‍ത്തിയാക്കി തിയറ്ററുകളിലെത്താത്ത ചില ശ്രദ്ധേയ സിനിമകളും പ്രധാന കാറ്റഗറികളില്‍ ദേശീയ ജൂറിക്ക് മുന്നിലെത്തിയിട്ടുണ്ട്.
തമിഴില്‍ നിന്ന് രാജുമുരുകന്‍ സംവിധാനം ചെയ്ത ജോക്കര്‍ മികച്ച ചിത്രത്തിനുള്‍പ്പെടെയുളള എന്‍ട്രികളില്‍ ദേശീയ ജൂറിക്ക് മുന്നിലെത്തിയെന്നാണ് സൂചന. കാര്‍ത്തിക് സുബ്ബരാജിന്റെ ഇരൈവി, ആണ്ടവന്‍ കട്ടാളൈ, ധ്രുവങ്ങള്‍ പതിനാറ്, ശവരക്കത്തി തുടങ്ങിയ സിനിമകള്‍ വിവിധ കാറ്റഗറികളിലായി ദേശീയ ജൂറിക്ക് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് സൂചനകള്‍. കാതല്‍, കല്ലൂരി, വഴക്ക് എന്ന 18 എന്നീ സിനിമകളുടെ സംവിധായകനാണ് ബാലാജി ശക്തിവേല്‍. ബോളിവുഡില്‍ നിന്ന് ദംഗല്‍, നീരജ, എയര്‍ലിഫ്റ്റ്, സരബ്ജിത്ത്, അലിഗഡ്, ഹരാംഖോര്‍, രാമന്‍ രാഘവ് തുടങ്ങിയ സിനിമകള്‍ മത്സരരംഗത്തുണ്ടെന്നാണ് സൂചന.