കൊച്ചി: മുന്‍ മന്ത്രി കെഎം മാണിക്കെതിരായ ബാറ്ററി ഇടപാട് കേസില്‍ മലക്കം മറിഞ്ഞ് വിജിലന്‍സ്. കേസ് അവസാനിപ്പിച്ചു. ഹൈക്കോടതിയില്‍ തെറ്റ് ഏറ്റു പറഞ്ഞാണ് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ മലക്കം മറിച്ചില്‍. കേസ് അവസാനിപ്പിക്കുന്നതായി സത്യവാങ്മൂലം സമര്‍പ്പിച്ചു. അധികാരം ഇല്ലാത്ത വിഷയത്തില്‍ അന്വേഷണം നടത്തിയത് തെറ്റാണെന്നാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. സ്വകാര്യ ബാറ്ററി യൂണിറ്റിന് നികുതിയിളവ് നല്‍കിയെന്ന കേസാണ് അവസാനിപ്പിച്ചത്. കോട്ടയത്തെ ഒരു സ്ഥാപനത്തിന് ലെഡ് ഓക്‌സൈഡ് നികുതി വെട്ടിച്ച് നല്‍കിയതില്‍ ഒരു കോടി 66 ലക്ഷം രൂപ സര്‍ക്കാരിന് നഷ്ടമുണ്ടാക്കി എന്നായിരുന്നു കേസ്. ഹൈക്കോടതി വിമര്‍ശനത്തെ തുടര്‍ന്നാണ് വിജിലന്‍സിന് തെറ്റ് ഏറ്റുപറയേണ്ടിവന്നത്.
നിയമസഭയുടെ തീരുമാനത്തെ ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കഴിയുമോയെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. മന്ത്രിസഭയേക്കാള്‍ മുകളിലാണോ വിജിലന്‍സ് എന്നും കേസിലെ വിജിലന്‍സ് അന്വേഷണ നിലപാടില്‍ ഹൈക്കോടതി പരിഹസിച്ചിരുന്നു.
മന്ത്രിസഭയുടെ തീരുമാന പ്രകാരമാണ് സ്വകാര്യ ബാറ്ററി കമ്പനിക്ക് ഇളവ് നല്‍കിയതെന്നും ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തി നിയമസഭയില്‍ ചട്ടമാക്കിയിരുന്നതാണെന്നും കണ്ടെത്തിയിരുന്നു. ഇതാണ് ഹൈക്കോടതി വിജിലന്‍സിനെ വിമര്‍ശിക്കാന്‍ കാരണം. ഒടുവില്‍ നിയമസഭയുടെ തീരുമാനം ചോദ്യം ചെയ്യാന്‍ തങ്ങള്‍ക്ക് അവകാശമില്ലെന്ന് സത്യവാങ്മൂലം നല്‍കിയാണ് വിജിലന്‍സ് കുറ്റം ഏറ്റുപറഞ്ഞത്.
കോട്ടയം ചിങ്ങവനത്തെ സൂപ്പര്‍ പിഗ്മെന്റ്‌സിന് ലെഡ് ഓക്‌സൈഡ് നികുതി വെട്ടിച്ച് നല്‍കിയതില്‍ ഒരു കോടി 66 ലക്ഷം രൂപ സര്‍ക്കാരിന് നഷ്ടമുണ്ടാക്കി എന്നായിരുന്നു കേസ്. 2015 2016 ബജറ്റില്‍ മാണി മുന്‍കാല പ്രാബല്യത്തോടെ നികുതിയിളവ് നല്‍കിയെന്ന് പാലാ കീഴ്തടിയൂര്‍ ബാങ്ക് പ്രസിഡന്റ് ജോര്‍ജ്ജ് സി കാപ്പനാണ് പരാതി നല്‍കിയത്. ഖകനാവിന് 1.66 കോടി രൂപ നഷ്ടമായതായും ആക്ഷേപം ഉയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമ, അന്നത്തെ ധനകാര്യമന്ത്രി കെ.എം മാണി എന്നിവരെ പ്രതിചേര്‍ത്തായിരുന്നു വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.