തലശേരി ഫസല്‍ വധക്കേസ്: പുതിയ അന്വേഷണം വേണമെന്ന് ഡിജിപി; സിബിഐ ഡയറക്ടര്‍ക്ക് ലോക്‌നാഥ് ബെഹ്‌റയുടെ കത്ത്

തലശേരി ഫസല്‍വധക്കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തില്‍ പുതിയ അന്വേഷണം വേണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. നിലവില്‍ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന സിബിഐ ഡയറക്ടര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി കത്തയച്ചെന്നും അദ്ദേഹം പറഞ്ഞു. ഫസല്‍വധത്തിന് പിന്നില്‍ ആര്‍എസ്എസിന്റെ നാല്‍വര്‍ സംഘമാണെന്നും സിപിഐഎം പ്രവര്‍ത്തകര്‍ അല്ലെന്നും അടുത്തിടെയാണ് മറ്റൊരു കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മൊഴി നല്‍കിയത്.

ഇതിനെ തുടര്‍ന്ന് ഫസലിന്റെ സഹോദരന്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതില്‍ സിബിഐയുടെ അന്വേഷണ സംഘത്തിന് ഹൈക്കോടതി ഇന്നലെ നോട്ടീസ് അയച്ചിരുന്നു.പിന്നാലെയാണ് ഡിജിപിയുടെ കത്തും.

2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെ നാലിനാണ് എന്‍ഡിഎഫ് തലശേരി സബ് ഡിവിഷന്‍ കമ്മിറ്റി അംഗം മുഹമ്മദ് ഫസല്‍ തലശേരി ജഗന്നാഥ ക്ഷേത്രം റോഡില്‍ കൊല്ലപ്പെടുന്നത്. തുടര്‍ന്ന് െ്രെകംബ്രാഞ്ച് അന്വേഷണവും ഫസലിന്റെ ഭാര്യയുടെ പരാതിയില്‍ സിബിഐ അന്വേഷണവും നടത്തി. 2012ല്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിപിഐഎം പ്രവര്‍ത്തകരായ എട്ടുപേരെയാണ് പ്രതികളാക്കിയത്.

കണ്ണൂരിലെ സിപിഐഎമ്മിന്റെ പ്രമുഖ നേതാക്കളായ കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരെയും പൊലീസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2006ല്‍ കൊലപാതകം നടന്ന് എട്ടുവര്‍ഷത്തിനുശേഷമാണ് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കേസിന് പിന്നിലെന്ന നിര്‍ണായക വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്.

© 2024 Live Kerala News. All Rights Reserved.