ജിഷ്ണുവിന്റെ കുടുംബത്തെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു അമ്മയെ വലിച്ചിഴച്ചു; പൊലീസ് ആസ്ഥാനത്ത് നാടകീയ രംഗങ്ങള്‍

 

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്ത് അനിശ്ചിതകാല സമരത്തിനെത്തിയ ജിഷ്ണു പ്രണോയിയുടെ ബന്ധുക്കളെ കുടുംബത്തെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. കേസ് അന്വേഷണം പൊലീസ് അട്ടിമറിക്കുന്നുവെന്നാരോപിച്ചാണ് ജിഷ്ണുവിന്റെ മാതാപിതാക്കളും ബന്ധുക്കളും ഡി.ജി.പി ഓഫിസിന് മുന്നില്‍ സമരത്തിനെത്തിയത്. എന്നാല്‍ പൊലീസ് ആസ്ഥാനത്ത് സമരം അനുവദിക്കില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. ഏറെ നേരത്തേ സംഘര്‍ഷത്തിനൊടുവിലാണ് ജിഷ്ണുവിന്റെ ബന്ധിക്കളായ 16 പേരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. അറസ്റ്റിന് വഴങ്ങാതെ റോഡില്‍ കിടന്ന അമ്മ മഹിജയെ വലിച്ചിഴച്ചാണ് പൊലീസ് വാനിലേക്ക് കയറ്റിയത്.

ഡി.ജി.പി ഓഫീസിലേക്ക് മാര്‍ച്ച് ചെയ്ത് എത്തിയവരെ റോഡില്‍ തന്നെ പൊലീസ് തടയുകയായിരുന്നു. പിരിഞ്ഞുപോകണമെന്ന ആവശ്യം അംഗീകരിക്കാന്‍ ബന്ധുക്കള്‍ തയാറായില്ല. തുടര്‍ന്ന് വേണമെങ്കില്‍ നാലുപേരെ അകത്തേക്ക് കടത്തിവിടാമെന്ന് പൊലീസ് അറിയിച്ചെങ്കിലും ബന്ധുക്കള്‍ ഈ നിര്‍ദേശം സ്വീകരിച്ചില്ല. തുടര്‍ന്ന് പൊലീസ് ബലം പ്രയോഗിച്ച് ഇവരെ അറസ്റ്റ് ചെയ്തുനീക്കുകയായിരുന്നു. നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് റോഡില്‍ കിടന്ന അമ്മയെ പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. ഇവരെ എ.ആര്‍ ക്യാമ്പിലേക്കാണ് മാറ്റിയതെന്നാണ് വിവരം.

© 2024 Live Kerala News. All Rights Reserved.