പിജെ ജോസഫിന്റെ വക്കീല്‍ നോട്ടീസിനെ പേടിയില്ല; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ‘സ്വിസ് ചര്‍ച്ചാ’ ആരോപണത്തില്‍ ഉറച്ച് പിസി ജോര്‍ജ്

കോട്ടയം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പിജെ ജോസഫ് അയച്ച വക്കീല്‍ നോട്ടീസിനെ ഭയക്കുന്നില്ലെന്ന് പിസി ജോര്‍ജ്. അണക്കെട്ട് പൊട്ടുമെന്ന് എന്തടിസ്ഥാനത്തിലാണ് പിജെ ജോസഫ് പ്രഖ്യാപിച്ചതെന്ന് വ്യക്തമാക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിന് സ്വിസ് കമ്പനിയുമായി ചര്‍ച്ച നടത്തിയെന്ന ആരോപണവും പൂഞ്ഞാര്‍ എംഎല്‍എ ആവര്‍ത്തിച്ചു. അണക്കെട്ടുമായി ബന്ധപ്പെട്ട് പിസി ജോര്‍ജ് ഉയര്‍ത്തിയ ആരോപണങ്ങളിലാണ് മാനഹാനിക്ക് പിജെ ജോസഫ് വക്കീല്‍ നോട്ടീസ് അയച്ചത്.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടുമെന്ന് 2011 നവംബര്‍ 23ന് ആണ് പിജെ ജോസഫ് പറഞ്ഞത്. തുടര്‍ന്ന് വലിയ സമരങ്ങള്‍ക്കും അരക്ഷിതാവസ്ഥയ്ക്കും ഇത് കാരണമായിരുന്നു. അണക്കെട്ട് പൊട്ടുമെന്ന് ഉറപ്പിച്ച് പറയാനുള്ള തെളിവുകള്‍ ജോസഫിന്റെ കയ്യിലുണ്ടോയെന്നും പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ സ്വിസ് കമ്പനിയുമായി ചര്‍ച്ച നടത്തിയോ എന്നും വ്യക്തമാക്കണമെന്ന് പിസി ജോര്‍ജ് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാറില്‍ 1000 കോടിയുടെ പുതിയ അണക്കെട്ട് പണിയാന്‍ സ്വിസ് കമ്പനിയുമായി ധാരണയാക്കിയിട്ടാണ് പിജെ ജോസഫ് അണക്കെട്ട് പൊട്ടുമെന്ന് പ്രചരിപ്പിച്ചതെന്നാണ് പിസി ജോര്‍ജ് ആരോപിച്ചത്.

അനുമതികളൊന്നും ഇല്ലാതെ ആദ്യം തന്നെ ചര്‍ച്ച നടത്തിയത് ദുരൂഹമാണെന്നും ആരോപിച്ചു. മന്ത്രിയെന്ന നിലയില്‍ നടത്തിയ പ്രഖ്യാപനം കൊണ്ടു മലയാളികള്‍ക്കുണ്ടായ നഷ്ടത്തിനു പി.ജെ. ജോസഫ് ഉത്തരവാദിത്തം ഏല്‍ക്കണമെന്നായിരുന്നു ജോര്‍ജ്ജിന്റെ വാദം.

© 2024 Live Kerala News. All Rights Reserved.