കര്‍ഷകരുടെ കണ്ണീര്‍ ഒപ്പേണ്ടവര്‍ മൗനികളായപ്പോള്‍ കോടതി ഇടപെട്ടു; കടക്കെണിയില്‍ വലയുന്നവരുടെ വായ്പ്പകളെല്ലാം പളനി സര്‍ക്കാര്‍ എഴുതി തള്ളണം

ചെന്നൈ: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തിനായി 20 ദിവസമായി രാജ്യതലസ്ഥാനത്ത് സമരത്തിലായിരുന്ന തമിഴ്‌നാട് കര്‍ഷകരുടെ കണ്ണീരൊപ്പാന്‍ മദ്രാസ് ഹൈക്കോടതി ഇടപ്പെട്ടു. വിളനാശത്തിലും കടക്കെണിയിലും നട്ടംതിരിയുന്ന കര്‍ഷകരുടെ സഹകരണ ബാങ്കുകളിലെ വായ്പകള്‍ എഴുതി തള്ളാന്‍ മദ്രാസ് ഹൈക്കോടതി പളനിസാമി സര്‍ക്കാരിനോട് ഉത്തരവിട്ടു.

അഞ്ച് ഏക്കര്‍ വരെ കൃഷിഭൂമിയുള്ളവരുടെ വായ്പകള്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ എഴുതി തള്ളിയിരുന്നു. കൈവശം എത്ര കൃഷി ഭൂമി ഉണ്ടെന്ന് നോക്കാതെ എല്ലാ കര്‍ഷകരുടേയും വായ്പകള്‍ എഴുതി തള്ളുന്ന വിധത്തില്‍ 2016 ജൂണ്‍ 28ലെ ഉത്തരവ് പരിഷ്‌കരിക്കാനാണ് തമിഴ്‌നാട് സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദേശമെന്ന് ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കര്‍ഷകരുടെ സംഘടന നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. കാര്‍ഷിക വായ്പകള്‍ തിരിച്ചടക്കാത്തതിന്റെ പേരില്‍ കര്‍ഷകര്‍ക്കെതിരെ എടുത്ത നിയമനടപടികള്‍ അവസാനിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വരള്‍ച്ചയും വിളനാശവും തമിഴ്‌നാട്ടിലെ ഡെല്‍റ്റാ ജില്ലകളിലെ ജലസേചനത്തിനായി കാവേരി നദി തുറന്നുകൊടുക്കാത്തതും കോടതി പരാമര്‍ശിച്ചു.

വരള്‍ച്ചാ ദുരിതാശ്വാസം പ്രഖ്യാപിക്കണമെന്നും വായ്പകള്‍ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് ആഴ്ച്ചയായി ഡല്‍ഹി ജന്ദര്‍മന്തറില്‍ പ്രതിഷേധത്തിലാണ് തമിഴ്‌നാട്ടിലെ കര്‍ഷകര്‍. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടി കയ്യിലേന്തിയും ചത്ത പാമ്പിനെ വായില്‍ കടിച്ചുപിടിച്ചും കര്‍ഷകര്‍ വ്യത്യസ്ത സമരമുറകള്‍ പുറത്തെടുത്തെങ്കിലും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇതുവരെ മൗനത്തിലായിരുന്നു.

ഇന്നുവരെ കണ്ടതില്‍ വെച്ച് ഏറ്റവും വലിയ വരള്‍ച്ചയാണ് തമിഴ്‌നാട് ഈ വര്‍ഷം നേരിടുന്നത്. വിളനാശത്താലും കടക്കെണിയാലും നിരവധി കര്‍ഷകര്‍ ജീവനൊടുക്കി. ദിനംപ്രതി ആത്മഹത്യാ വാര്‍ത്തകള്‍ പുറത്തുകൊണ്ടു വന്നിരിക്കുന്നു.

© 2024 Live Kerala News. All Rights Reserved.