ജയയുടെ ആര്‍കെ നഗറിലെ രണ്ട് വിളക്ക് രണ്ടില വിവാദം; പനീര്‍ശെല്‍വം ക്യാമ്പിനെതിരെ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ചിന്നമ്മ വിഭാഗം

ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ വിവാദ വിഷയമായി തെരഞ്ഞെടുപ്പ് ചിഹ്നം. അണ്ണാഡിഎംകെയുടെ ചിഹ്നമായ രണ്ടില തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചതോടെ ഒ പനീര്‍ശെല്‍വത്തിനും ശശികല ക്യാമ്പിനും വേറെ തെരഞ്ഞെടുപ്പ് ചിഹ്നമാണ് അനുവദിച്ചിരുന്നത്. എന്നാല്‍ പനീര്‍ശെല്‍വത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ഇലക്ട്രിക് പോസ്റ്റ് വിളക്ക്, രണ്ടിലയുമായി സാമ്യമുള്ളത് പോലെയാക്കി പ്രചരണം നടത്തുന്നുവെന്ന് ശശികല ക്യാമ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ പരാതിപ്പെട്ടു. പച്ച നിറത്തിന്റെ അകമ്പടിയോടെ ഉപയോഗിക്കുന്ന ഇരട്ട വിളക്കുകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് അധികാരത്തിലുള്ള അണ്ണാഡിഎംകെ ഔദ്യോഗിക പക്ഷത്തിന്റെ ആക്ഷേപം.

ചിന്നമ്മ ക്യാമ്പിന്റെ പരാതിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പനീര്‍ശെല്‍വം വിഭാഗത്തോട് വിശദീകരണം തേടി. എന്നാല്‍ തെറ്റിധാരണ പരത്തുന്ന യാതൊന്നും പ്രചാരണത്തില്‍ ഇല്ലെന്നാണ് ഒപിഎസിന്റെ മറുപടി. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പനീര്‍ശെല്‍വം വിഭാഗത്തിനെതിരായി നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടില്ല.
കാശിറക്കി വോട്ട് പിടിക്കാനുള്ള ശ്രമമാണ് ആര്‍കെ നഗറില്‍ നടക്കുകയെന്ന് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പുണ്ട്. 50 കോടി വരെ ആര്‍കെ നഗറില്‍ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാനിറക്കുമെന്ന് രഹസ്യന്വേഷണ വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നറിയിപ്പ് നല്‍കി. തമിഴ്‌നാട്ടില്‍ അണ്ണാഡിഎംകെയുടെ പ്രസ്റ്റീജിയസ് സീറ്റായ ആര്‍കെ നഗര്‍ ഏത് വിധേനേയും പിടിച്ച് പാര്‍ട്ടിയില്‍ അപ്രമാദിത്വം ഉറപ്പാക്കുകയാണ് ഒപിഎസ് പനീര്‍ശെല്‍വം പക്ഷത്തിന്റെ ലക്ഷ്യം. എന്നാല്‍ അണ്ണാഡിഎംകെയിലെ ഭിന്നിപ്പ് പരമാവധി മുതലെടുത്ത് ഭിന്നിക്കുന്ന വോട്ടുകള്‍ക്കിടയില്‍ തെരഞ്ഞെടുപ്പ് വിജയിച്ച് തമിഴക രാഷ്ട്രീയത്തില്‍ അണ്ണാഡിഎംകെയെ അപ്രസക്തമാക്കുകയാണ് പ്രതിപക്ഷമായ ഡിഎംകെ ലക്ഷ്യമിടുന്നത്.

വികെ ശശികല വിഭാഗത്തിന് വേണ്ടി ശശികലയുടെ ബന്ധുവും എഐഎഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടിടിവി ദിനകരനാണ് ആര്‍കെ നഗറില്‍ മല്‍സരിക്കുന്നത്. ഏപ്രില്‍ 12ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഒ പനീര്‍ശെല്‍വം ക്യാമ്പില്‍ നിന്ന് ഇ മധുസൂദനനാണ് മല്‍സരിക്കുക. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ജയലളിതയുടെ അനന്തരവള്‍ ദീപാ ജയകുമാറും മല്‍സരത്തിന് തയ്യാറെടുക്കുന്നുണ്ട്.
ആര്‍കെ നഗറില്‍ ജയിക്കുമെന്നും പാര്‍ട്ടി ചിഹ്നവും പേരും വീണ്ടെടുക്കുമെന്നുമാണ് ടിടിവി ദിനകരന്റെ പ്രതികരണം. മതിയായ തെളിവുകളുണ്ടായിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്ത് നിന്നും ചിഹ്നം അനുവദിക്കാത്ത തീരുമാനമുണ്ടായത് ഞെട്ടിക്കുന്നതും നിരാശാജനകവുമാണെന്ന് ഒ പനീര്‍ശെല്‍വം നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടിലയോട് ചേരുന്ന തരത്തിലുള്ള വൈദ്യുത പോസ്റ്റ് തെരഞ്ഞെടുപ്പ് ചിഹ്നമാക്കി ആര്‍കെ നഗറിനെ ഇളക്കി മറിച്ചുള്ള ഒപിഎസ് ക്യാമ്പിന്റെ പ്രചാരണം.

© 2024 Live Kerala News. All Rights Reserved.