മദ്യശാലകള്‍ മാറ്റി സ്ഥാപിക്കല്‍: എതിര്‍പ്പ് മറികടക്കാന്‍ സര്‍ക്കാര്‍ നീക്കം; തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ഇനി വേണ്ട; സര്‍ക്കുലര്‍ പുറത്തിറക്കും

 

സുപ്രീംകോടതി വിധി നടപ്പിലാക്കി തുടങ്ങിയതോടെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുയര്‍ന്ന വിഷയങ്ങളെ മറികടക്കാന്‍ സര്‍ക്കാരിന്റെ ഊര്‍ജിത നീക്കം. മദ്യശാലകള്‍ സ്ഥാപിക്കാന്‍ തദ്ദേശ സ്ഥാപനത്തിന്റെ അനുമതി വേണ്ടെന്നുളള സര്‍ക്കുലര്‍ ഇതിനോടനുബന്ധിച്ച്‌സര്‍ക്കാര്‍ പുറത്തിറക്കിയേക്കുമെന്നാണ് അറിയുന്നത്. കൂടാതെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍വകക്ഷി യോഗവും വിളിക്കും.
വരുമാന നഷ്ടവും ക്രമസമാധാന പ്രശ്‌നവും ചൂണ്ടിക്കാട്ടിയാണ് യോഗം വിളിക്കുന്നത്. മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ പലയിടത്തുമുണ്ടായ എതിര്‍പ്പുകളെ മറികടക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ തദ്ദേശ സ്ഥാപനങ്ങളുടെ എന്‍ഒസി എടുത്തുകളയാനുളള നീക്കത്തിലേക്ക് എത്തുന്നത്. കൂടാതെ അവശേഷിക്കുന്ന ബിവറേജുകളില്‍ വര്‍ധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്ത് ഔട്ട്‌ലെറ്റുകളില്‍ കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാനും ധാരണയായിട്ടുണ്ട്.

തദ്ദേശ സ്ഥാപനങ്ങളില്‍ ബിവറേജസുകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ രാഷ്ട്രീയ സമവായമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. മദ്യശാലകള്‍ പൂട്ടിയത് ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായെന്നും വിഷയത്തെ നിയമപരമായി നേരിടുമെന്നും മന്ത്രി കടകംപളളി സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ബദല്‍മാര്‍ഗങ്ങള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.