കറന്‍സികളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ മൂന്ന് നാല് വര്‍ഷം കൂടുമ്പോള്‍ പരിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.

ദില്ലി : കറന്‍സികളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ മൂന്ന്‌നാല് വര്‍ഷം കൂടുമ്പോള്‍ പരിഷ്‌കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. കള്ളനോട്ട് തടയുക ലക്ഷ്യമിട്ടാണ് ഇത്തരമൊരു നടപടി ആലോചിക്കുന്നത്. ഉയര്‍ന്ന മൂല്യമുള്ള 500, 2,000 രൂപ നോട്ടുകളിലാണ് മുഖ്യമായും ഇത് നടപ്പാക്കുക. കഴിഞ്ഞദിവസം ചേര്‍ന്ന ആഭ്യന്തര, ധന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് ഗൗരവമായ ചര്‍ച്ച നടന്നത്.നോട്ട് അസാധുവാക്കലിനു ശേഷം പിടിച്ചെടുത്ത 2000ത്തിന്റെ കള്ളനോട്ടുകളില്‍ 17 സുരക്ഷാ ക്രമീകരണങ്ങളില്‍ പതിനൊന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കുന്നത്.

ആഭ്യന്തര സെക്രട്ടറി രാജീവ് മെഹര്‍ഷി പങ്കെടുത്ത യോഗത്തില്‍ കറന്‍സികളിലെ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന് ആവശ്യം ഉയര്‍ന്നു. പല രാജ്യങ്ങളും മൂന്ന് നാല് വര്‍ഷം കൂടുമ്പോള്‍ സുരക്ഷയില്‍ മാറ്റം വരുത്തുന്ന കാര്യം ആഭ്യന്തരവകുപ്പ് ഉദ്യോഗസ്ഥര്‍
ചൂണ്ടിക്കാട്ടി. ഇന്ത്യയും ഈ നയം പിന്തുടരണമെന്നും അവര്‍ നിര്‍ദേശിച്ചു.

സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് രാജ്യം കൃത്യമായ മാനദണ്ഡം പാലിക്കുന്നില്ല. ഇത്തവണ പുറത്തിറക്കിയ 2000, 500 രൂപ നോട്ടുകളിലും പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്ന വാട്ടര്‍ മാര്‍ക്ക്, സെക്യൂരിറ്റി ത്രെഡ്, ഫൈബര്‍ തുടങ്ങിയവ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്.2005 ന് ശേഷം സുരക്ഷാ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും ഇത് വ്യാജകറന്‍സി മാഫിയയ്ക്ക് സഹായമാകുന്നതായും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

© 2024 Live Kerala News. All Rights Reserved.