കുണ്ടറയില്‍ ആത്മഹത്യ ചെയ്ത 10 വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി;ശരീരത്തില്‍ 22 മുറിവുകള്‍; രണ്ടു മാസമായിട്ടും നടപടിയെടുക്കാതെ പൊലീസ്

കൊല്ലം: കുണ്ടറയില്‍ ആത്മഹത്യ ചെയ്ത 10 വയസുകാരി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
കുട്ടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി രണ്ട് മാസമായിട്ടും പൊലീസ് നടപടിയെടുത്തില്ല. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗിക പീഡനത്തിന് കുട്ടി ഇരയായിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിട്ടും പൊലീസ് അന്വേഷണം നടത്തിയില്ല. കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടെന്നും പൊസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ജനുവരി പതിനഞ്ചിനാണ് കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.പ്രതിയെന്ന് സംശയിക്കുന്നയാളെ ചൂണ്ടിക്കാട്ടിയിട്ടും പൊലീസ് ഒന്നും ചെയ്തില്ലെന്നാണ് ആരോപണം. കേസില്‍ അന്വേഷണം നടക്കുകയാണെന്നും അനാവശ്യമായ തിരക്ക് വേണ്ടെന്നുമാണ് പൊലീസ് നിലപാട്. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ഇന്നലെ നിയമിച്ചതായും പൊലീസ് വ്യക്തമാക്കി. വാളയാറിലേതിനു സമാനമായ അനാസ്ഥയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ പൊലീസ് വീഴ്ച വാര്‍ത്തയായതിനെ തുടര്‍ന്നാണ് കുണ്ടറയില്‍ ഇന്നലെ തിരക്കുപിടിച്ച് അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ പൊലീസ് തയ്യാറായതെന്നും ആരോപണമുയരുന്നു.

© 2025 Live Kerala News. All Rights Reserved.