യുവതി നടുറോഡില്‍ പ്രസവിച്ചു;രക്ഷകയായി യാചകസ്ത്രീ

ബാംഗ്ലൂര്‍:കര്‍ണ്ണാടകയിലെ റായ്ചൂര്‍ ജില്ലയില്‍ മാന്‍വിയില്‍ യുവതി നടുറോഡില്‍ പ്രസവിച്ചു. കര്‍ഷകനായ രാമണ്ണയുടെ ഭാര്യ യെല്ലമ്മയാണ് തിരക്കേറിയ റോഡില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പൂര്‍ണ്ണ ഗര്‍ഭിണിയായ യെല്ലമ്മ നടുറോഡില്‍ കുഴഞ്ഞുവീഴുന്നത് കണ്ടാണ് റോഡരികില്‍ ഇരുന്ന യാചകസ്ത്രീ പ്രസവം എടുത്തത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.മൂന്നു ആണ്‍കുട്ടികളുടെ അമ്മയായ യെല്ലമ്മ ഒരു പെണ്‍കുഞ്ഞ് വേണമെന്ന ആഗ്രഹവുമായാണ് വീണ്ടും ഗര്‍ഭം ധരിച്ചത്.റായ്ചുര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഡോക്ടറെ കണ്ട ശേഷം ഭര്‍ത്താവിനൊപ്പം മടങ്ങും വഴി റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. രക്തസ്രാവമുണ്ടായതോടെ എന്തു ചെയ്യണമെന്നറിയാതെ നിന്ന രാമണ്ണയ്ക്കു മുന്നില്‍ രക്ഷകയായി യാചക ഓടി എത്തുകയായിരുന്നു. ഇതുകണ്ട് സമീപമുണ്ടായിരുന്ന ചില സ്ത്രീകള്‍ കൂടി ഓടിയെത്തി യുവതിയെ ശുശ്രൂഷിച്ചു.തുടര്‍ന്ന് അമ്മയെയും കുഞ്ഞിനെയും മാന്‍വി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും ആളുകള്‍ മടിക്കുന്ന ഇക്കാലത്ത് മറ്റുള്ളവര്‍ക്ക് മാതൃകയാണ് വൃദ്ധയെന്ന് മന്‍വി എംഎല്‍എ ജി. ഹംപയ്യ നായക് ബല്ലാത്തി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.