ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും;സത്യപ്രതിജ്ഞ വൈകീട്ട് അഞ്ച് മണിക്ക്; ഒന്നാമതെത്തിയിട്ടും ഭരണം പിടിക്കാനാവാതെ കോണ്‍ഗ്രസ്

പനാജി: ഗോവ മുഖ്യമന്ത്രിയായി മനോഹര്‍ പരീക്കര്‍ നാളെ സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് അഞ്ച് മണിക്കാണ് സത്യപ്രതിജ്ഞ. സത്യപ്രതിജ്ഞ വൈകരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തതിനെ തുടര്‍ന്നാണ് നടപടി. രണ്ടാം സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പില്‍ പിന്തള്ളപ്പെട്ടിട്ടും മറ്റ് ചെറുപാര്‍ട്ടികളെ സ്വാധീനിച്ചാണ് ഗോവയില്‍ ബിജെപി ഭരണം പിടിച്ചെടുത്തത്.ഗോവയില്‍ ഒന്നാമതെത്തിയെങ്കിലും കേവല ഭൂരിപക്ഷമായ 21 തികയ്ക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. 40 നിയമസഭാംഗങ്ങളുള്ള ഗോവന്‍ നിയമസഭയില്‍ 13 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. 17 സീറ്റുകള്‍ തേടി ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സ്വതന്ത്രരടക്കം പ്രാദേശിക പാര്‍ട്ടികളുടെ നാല് അംഗങ്ങളെ കൂടി ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല.പരീക്കറാണ് മുഖ്യമന്ത്രിയാകുന്നതെങ്കില്‍ ബി.ജെ.പിയെ പിന്തുണക്കുമെന്ന് മൂന്നുവീതം എം.എല്‍.എമാരുള്ള മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടിയും (എം.ജി.പി), ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും (ജി.എഫ്.പി) വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇവര്‍ക്ക് പുറമെ എന്‍.സി.പിയുടെ ചര്‍ച്ചില്‍ അലെമാവൊയും രണ്ടു സ്വതന്ത്രന്മാരുമാണ് പിന്തുണ നല്‍കുന്നത്. ഇതോടെ കേവല ഭൂരിപക്ഷമായ 21 പിന്നിട്ട് 22 എന്ന നമ്പറിലേക്ക് എത്താന്‍ ബിജെപിക്ക് കഴിഞ്ഞു. ഇതോടെ ഗവര്‍ണറോട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി അവകാശവാദം ഉന്നയിക്കുകയായിരുന്നു.പരീക്കര്‍ നേതാവായെത്തിയാല്‍ പിന്തുണക്കാമെന്ന് മറ്റു കക്ഷികള്‍ വാഗ്ദാനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പരീക്കറിനെ കേന്ദ്ര പ്രതിരോധമന്ത്രിപദം രാജിവെപ്പിച്ച് സംസ്ഥാനഭരണം പിടിക്കാന്‍ ബിജെപി തന്ത്രം പയറ്റിയത്.

© 2024 Live Kerala News. All Rights Reserved.