രമേശ് ചെന്നിത്തലയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ ഗുരുവായൂര്‍ ക്ഷേത്രനഗരിയിലേക്ക് അബ്ദുല്‍ഖാദര്‍ എംഎല്‍എയെത്തി; ഉത്സവക്കഞ്ഞി കുടിച്ച് മടങ്ങി

ഗുരുവായൂര്‍: നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കു ശേഷം ഗുരുവായൂര്‍ ക്ഷേത്ര നഗരിയിലെത്തിയ കെ.വി അബ്ദുല്‍ഖാദര്‍ എം.എല്‍.എയ്ക്ക് മികച്ച സ്വീകരണം.ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉത്സവ കഞ്ഞി കിടക്കാനായിട്ടാണ് കെവി അബ്ദുല്‍ഖാദര്‍ എം എല്‍എ ക്ഷേത്രത്തിലെത്തിയത്. ഊട്ടുപുരയില്‍ നിന്നും ഉത്സവ കഞ്ഞി നല്‍കുന്നത് ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റിയ വര്‍ഷം മുതല്‍ അബ്ദുള്‍ ഖാദര്‍ മുടങ്ങാതെ കഞ്ഞി കുടിക്കാനെത്താറുണ്ട്. ഇത്തവണയും അദ്ദേഹം പതിവ് തെറ്റിച്ചില്ല. ദേവസ്വം ചെയര്‍മാന്‍ എന്‍. പീതാംബര കുറുപ്പ്, അഡ്മിനിസ്‌ട്രേറ്റര്‍ സി.സി. ശശിധരന്‍ എന്നിവര്‍ ചേര്‍ന്ന് എം.എല്‍.എയെ സ്വീകരിച്ചു. എം.എല്‍.എയും ദേവസ്വം ചെയര്‍മാനും ഒന്നിച്ചിരുന്നാണ് കഞ്ഞി കുടിച്ചത്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ സുരേഷ് വാര്യര്‍, എം. രതി എന്നിവരും എം.എല്‍.എക്കൊപ്പം കഞ്ഞി കുടിക്കാനുണ്ടായിരുന്നു. പാള പ്ലേറ്റിലെ കഞ്ഞിയുടെയും മുതിരയും ഇടിച്ചക്കയും ചേര്‍ത്ത പുഴുക്കിന്റെയും ഇലക്കീറില്‍ വിളമ്പിയ തേങ്ങയുടെയും ശര്‍ക്കരുടെയും മാധുര്യം നുകര്‍ന്നാണ് എം.എല്‍.എ ക്ഷേത്രനഗരി വിട്ടത്. ഇക്കഴിഞ്ഞ ആഴ്ചയാണ് ഗുരുവായൂര്‍ എംഎല്‍എയായ അബ്ദുള്‍ഖാദറിനെതിരെ നിയമസഭയില്‍ പ്രതിപക്ഷനേതാവിന്റെ വിവാദപരാമര്‍ശം ഉണ്ടാകുന്നത്.’ഗുരുവായൂരില്‍ അബ്ദുല്‍ഖാദര്‍ എം.എല്‍.എയ്ക്ക് എന്താണ് കാര്യം’ എന്നായിരുന്നു രമേശ് ചെന്നിത്തല നിയമസഭയില്‍ ചോദിച്ചത്. ചാവക്കാട് നിന്നും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കു കൊണ്ടുപോയ 15000 ലിറ്റര്‍ വെള്ളം ചിലര്‍ പുഴയിലേക്ക് ഒഴുക്കിവിട്ട സംഭവത്തില്‍ ഇടപെട്ട് സംസാരിച്ച വേളയിലായിരുന്നു രമേശ് ചെന്നിത്തല എം.എല്‍.എയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയത്. സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് മുസ്ലീംലീഗ് കൗണ്‍സിലര്‍മാര്‍ക്ക് പങ്കുണ്ടെന്ന് കെ.വി അബുദള്‍ഖാദര്‍ എം.എല്‍.എ സഭയില്‍ പറഞ്ഞപ്പോഴായിരുന്നു ചെന്നിത്തല അബ്ദുള്‍ഖാദറിന്റെ ഇടപെടലിനെ ചോദ്യം ചെയ്തത്.

© 2024 Live Kerala News. All Rights Reserved.