ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രീം കോടതിയുടെ അറസ്റ്റ് വാറണ്ട്;നടപടി കോടതിയലക്ഷ്യ കേസില്‍ ഹാജരാകാത്തതിനാല്‍;ജഡ്ജിക്കെതിരായ നടപടി ഇതാദ്യം

ന്യൂഡല്‍ഹി: കല്‍ക്കത്ത ഹൈക്കോടതിയിലെ ജസ്റ്റിസ് സിഎസ് കര്‍ണനെതിരെ സുപ്രീം കോടതിയുടെ അറസ്റ്റ് വാറണ്ട്. കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതിയില്‍ നേരിട്ട് ഹാജരാകാത്തതിനാലാണ് നടപടി. ഒരു ജഡ്ജിക്കെതിരെ സുപ്രീം കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നത് ഇതാദ്യമാണ്. ജഡ്ജിമാരെ അവഹേളിച്ചെന്ന കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സിഎസ് കര്‍ണനെതിരേ വാറന്റ് നല്‍കണമെന്നും മാര്‍ച്ച് 31 ന് ഹാജരാക്കണമെന്നും കൊല്‍ക്കത്ത പോലീസ് മേധാവിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഏഴംഗ ബഞ്ചിന്റേതാണ് നിര്‍ദേശം. രാജ്യത്തെ വിരമിച്ചവരും ഇരിക്കുന്നതുമായ അനേകം ജഡ്ജിമാര്‍ക്കെതിരേ അഴിമതിയാരോപണം ഉന്നയിച്ച് ജസ്റ്റീസ് കര്‍ണന്‍ നേരത്തേ പ്രധാനമന്ത്രിക്കും മറ്റു ഉന്നതര്‍ക്കും കത്തയച്ചു എന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഭര്‍ത്താവിനെതിരേയും കുടുംബത്തെയും അനാവശ്യ ആരോപണം ഉന്നയിച്ച് അപമാനിക്കാന്‍ ശ്രമിക്കുന്നെന്ന് കാണിച്ച് മദ്രാസ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയുടെ ഭാര്യ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പദവി ദുരുപയോഗം ചെയ്ത കേസില്‍ ഒരു ഹൈക്കോടതി ചീഫ് ജസ്റ്റീസിനോട് ഫെബ്രുവരിയില്‍ കോടതിയില്‍ ഹാജരാകാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ കോടതിയില് നേരിട്ട് ഹാജറാവാന്‍ പലവട്ടം ആവശ്യപ്പെട്ടങ്കിലും അത് അവഗണിച്ചതിനെ തുടര്‍ന്നാണ് ഇപ്പോള്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചത് അതേസമയം ദളിത് വിഭാഗത്തില്‍ നിന്നുള്ള ആളായതിനാല്‍ താന്‍ ഇരയാക്കപ്പെട്ടു എന്നാണ് കര്‍ണന്‍ സുപ്രീംകോടതിക്ക് സമര്‍പ്പിച്ചിരിക്കുന്ന കത്തില്‍ പറഞ്ഞിട്ടുള്ളത്. ജഡ്ജിമാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റീസ് മദ്രാസ് ഹൈക്കോടതിയില്‍ നിന്നുമാണ് ജസ്റ്റീസ് കര്‍ണനെ കൊല്‍ക്കത്തയിലേക്ക് സ്ഥലം മാറ്റിയത്. ജഡ്ജിയില്‍ നിന്നും നീതിന്യായ പരമായും ഭരണപരമായുമുള്ള എല്ലാ പദവികളും പരമോന്നത കോടതി എടുത്തുമാറ്റിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.