നിയമസഭയില്‍ വര്‍ഗീയ പരാമര്‍ശവുമായി രമേശ് ചെന്നിത്തല;അബ്ദുല്‍ ഖാദര്‍ എംഎല്‍എയ്ക്ക് ഗുരുവായൂരില്‍ എന്ത് കാര്യം? പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്‌തെന്ന് സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വര്‍ഗീയ പരാമര്‍ശം. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കുള്ള വെളളംതടഞ്ഞ സംഭവത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് ചെന്നിത്തലയുടെ പരാമര്‍ശം.അബ്ദുല്‍ ഖാദര്‍ എംഎല്‍എയ്ക്ക് ഗുരുവായൂരില്‍ എന്താണ് കാര്യം എന്നായിരുന്നു ചെന്നിത്തലയുടെ ചോദ്യം.സംഭവത്തില്‍ പ്രതിഷേധവുമായി ഭരണപക്ഷം രംഗത്തെത്തിയതോടെ താന്‍ അങ്ങനെയൊന്ന് പറഞ്ഞിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു. തുടര്‍ന്ന് ചെന്നിത്തലയുടെ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കം ചെയ്‌തെന്ന് സ്പീക്കര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം ചാവക്കാട് നിന്നും ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയ 15,000 ലിറ്റര്‍ വെള്ളം ചിലര്‍ പുഴയിലേക്ക് ഒഴുക്കിവിട്ടിരുന്നു. ഇതിന് പിന്നില്‍ കോണ്‍ഗ്രസ് മുസ്ലീംലീഗ് കൗണ്‍സിലര്‍മാര്‍ക്ക് പങ്കുണ്ടെന്ന് കെ.വി അബുദള്‍ഖാദര്‍ എംഎല്‍എ സഭയില്‍ പറയുകയായിരുന്നു. ഇതിനെതിരെയായിരുന്നു ചെന്നിത്തല അബ്ദുല്‍ഖാദര്‍ എം.എല്‍.എക്കെതിരെ രംഗത്തെത്തിയത്.തുടര്‍ന്ന് നടന്ന സംവാദത്തിനിടെ പ്രതിപക്ഷം ശിവസേനയെ വാടകയ്ക്ക് എടുത്തതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതോടെ പ്രതിപക്ഷം ബഹളം വച്ച് നടുത്തളത്തിലിറങ്ങുകയായിരുന്നു.നിര്‍ഭാഗ്യകരമായ സംഭവങ്ങളാണ് സഭയില്‍ നടക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. എല്ലാ അംഗങ്ങളും പെരുമാറ്റത്തിലും പ്രവൃത്തിയിലും സംയമനം പാലിക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.

© 2025 Live Kerala News. All Rights Reserved.