മറൈന്‍ഡ്രൈവിലെ സദാചാര ഗുണ്ടായിസത്തിനെതിരെ ‘സ്‌നേഹ ഇരിപ്പു സമരവുമായി’ ഡിവൈഎഫ്‌ഐ; ശിവസേനയുടെ സദാചാര ഗുണ്ടായിസം നോക്കിനിന്ന സബ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു; എട്ട് പൊലീസുകാര്‍ക്ക് സ്ഥലം മാറ്റം

കൊച്ചി: കൊച്ചി മറൈന്‍ഡ്രൈവില്‍ ശിവസേന പ്രവര്‍ത്തകര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തിനെതിരെപ്രതിഷേധം ശക്തമാവുകയാണ്.സംഭവത്തില്‍ പ്രതിഷേധിച്ച്  ഡിവൈഎഫ്‌ഐയുടെ  നേതൃത്വത്തില്‍ മറൈന്‍ ഡ്രൈവില്‍ ഇന്ന് ‘സ്‌നേഹ ഇരിപ്പു സമരം’ നടത്തും. രാവിലെ 10 മണിക്കാണ് സമരം. സദാചാര ഗുണ്ടായിസത്തിനെതിരെ ‘ചുംബന സമരം’ നടത്തി ശ്രദ്ധ നേടിയ ‘കിസ് ഓഫ് ലവ്’ പ്രവര്‍ത്തകരുടെ പ്രതിഷേധം ഇന്ന് വൈകിട്ടും അരങ്ങേറും.സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ കുറ്റവാളികളെയും അറസ്റ്റ് ചെയ്യുകയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം. സൗഹാര്‍ദം സദാചാര വിരുദ്ധമല്ല, സദാചാര പൊലീസ് നാടിനാവശ്യമില്ല എന്ന മുദ്രാവാക്യമുയര്‍ത്തി മറൈന്‍ഡ്രൈവില്‍ സ്‌നേഹ ഇരുപ്പ് സമരം നടത്തുമെന്ന് ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ ഭാരവാഹികള്‍ വ്യക്തമാക്കി. അതേസമയം, മറൈന്‍ഡ്രൈവില്‍ ഒന്നിച്ചിരിക്കുകയായിരുന്ന ആണ്‍കുട്ടിയേയും പെണ്‍കുട്ടിയേയും ചൂരല്‍ കൊണ്ട് തല്ലിയോടിച്ച ശിവസേനയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ നടപടിയെടുക്കാതെ നോക്കിനിന്ന സബ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. എറണാകുളം സെന്‍ട്രല്‍ എസ്.ഐയെയാണ് കൃത്യ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയതിന് സസ്പെന്‍ഡ് ചെയ്തത്. ഇതുകൂടാതെ എട്ട് പൊലീസുകാരെ എ.ആര്‍ ക്യാംപിലേക്ക് സ്ഥലം മാറ്റിയിട്ടുമുണ്ട്. മറൈന്‍ഡ്രൈവില്‍ ശിവസേനക്കാര്‍ ഗുണ്ടായിസം കാണിക്കുമ്പോള്‍ പൊലീസുകാര്‍ അതില്‍ ഇടപെടാതെ നോക്കി നില്‍ക്കുകയായിരുന്നു. തങ്ങളുടെ ചുമതല നിര്‍വ്വഹിക്കാതിരുന്ന പൊലീസുകാര്‍ക്കെതിരെ നടപടി വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരനും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും സി.പി.ഐ.എം ജില്ല സെക്രട്ടറി പി. രാജീവും ആവശ്യപ്പെട്ടിരുന്നു സംഭവവുമായി ബന്ധപ്പെട്ട് ആറു ശിവസേന പ്രവര്‍ത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ആര്‍. ദേവന്‍, കെ.വൈ. കുഞ്ഞുമോന്‍, കെ.യു. രതീഷ്, എ.വി. വിനീഷ്, ടി.ആര്‍. ലെനിന്‍, കെ.കെ. ബിജു എന്നിവരാണ് അറസ്റ്റിലായത്. പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും യുവതീയുവാക്കളെ ഭീഷണിപ്പെടുത്തിയതിനും അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുമാണ് കേസ്.

© 2024 Live Kerala News. All Rights Reserved.