വിജിലന്‍സിനെതിരെ വീണ്ടും ഹൈക്കോടതി;കളളപരാതികള്‍ തിരിച്ചറിയാന്‍ വിജിലന്‍സിന് കഴിയുന്നില്ല;വിജിലന്‍സ് കേരള പൊലീസിന്റെ ഭാഗം മാത്രം

കൊച്ചി:വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. വിജിലന്‍സിന് കളളപരാതികള്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്നും വിജിലന്‍സ് കേരള പൊലീസിന്റെ ഭാഗം മാത്രമാണെന്നും ഹൈക്കോടതി പറഞ്ഞു. എ.ഡി.ജി.പിയായിരുന്ന ശങ്കര്‍ റെഡ്ഡിയുടെ സ്ഥാനക്കയറ്റം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.ഹര്‍ജിക്കാരന് സര്‍ക്കാര്‍ രേഖകള്‍ എങ്ങനെ കിട്ടുന്നുവെന്ന് അന്വേഷിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘമല്ല. കളളപരാതികള്‍ തിരിച്ചറിയാന്‍ വിജിലന്‍സിന് കഴിയുന്നില്ല എന്നിങ്ങനെയാണ് കോടതിയുടെ നിരീക്ഷണങ്ങള്‍. വിജിലന്‍സ് രൂപീകരിച്ചതിന്റെ രേഖകള്‍ ഹാജരാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ശങ്കര്‍റെഡ്ഡിക്കെതിരെ ഹര്‍ജിയുമായി വന്ന പായിച്ചിറ നവാസിനെതിരെ അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. എങ്ങനെയാണ് കേസുകളുടെ വിവരം ഇയാള്‍ക്ക് കിട്ടുന്നതെന്ന് ചോദിച്ച ഹൈക്കോടതി നവാസ് 40 കേസുകള്‍ നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. വിജിലന്‍സിനെ രൂക്ഷമായി വിമര്‍ശിച്ച് ശങ്കര്‍ റെഡ്ഡി എഴുതിയ കത്തില്‍ പായിച്ചിറ നവാസിനെതിരെ ആരോപണങ്ങള്‍ ഉണ്ടായിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് പായിച്ചിറ നവാസിന് പിന്നിലെന്ന് പരോക്ഷമായി കത്തില്‍ ശങ്കര്‍ റെഡ്ഡി സൂചിപ്പിച്ചിരുന്നു. ബാര്‍, സോളാര്‍ കേസുകളിലെ പരാതിക്കാരനാണ് പായിച്ചിറ നവാസ്. കൂടാതെ കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയാണ് ഇയാളെന്നും ശങ്കര്‍ റെഡ്ഡി ആരോപിച്ചിരുന്നു.രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയുള്ള അഴിമതി കേസുകള്‍ തീര്‍പ്പ് കല്‍പിക്കുന്നതുമായി ബന്ധപ്പെട്ടും വിജിലന്‍സിനെതിരെ ഹൈക്കോടതി രംഗത്ത് വന്നിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് ഹൈക്കോടതി ഇന്ന് വീണ്ടും വിജിലന്‍സിനെ വിമര്‍ശിച്ചത്.

© 2024 Live Kerala News. All Rights Reserved.