കേരളത്തില്‍ പെപ്‌സി ,കൊക്കകോള വില്‍പ്പന നിര്‍ത്തുന്നു; ബഹിഷ്‌കരണവുമായി വ്യാപാരികള്‍ ; നടപടി ജലചൂഷണത്തില്‍ പ്രതിഷേധിച്ച്‌

കോഴിക്കോട്: തമിഴ്‌നാടിന് പിന്നാലെ കേരളത്തിലും കൊക്കകോള, പെപ്‌സി ഉല്‍പനങ്ങളുടെ വില്‍പ്പന നിര്‍ത്താന്‍ വ്യാപാരികള്‍ തീരുമാനിച്ചു.കടുത്ത വരള്‍ച്ചയും ജലക്ഷാമവും രൂക്ഷമായ സാഹചര്യത്തിലാണ് ജലമൂറ്റൂന്ന കമ്പനികള്‍ക്കെതിരെ വ്യാപ്യാരികളും രംഗത്തെത്തിയത്. കേരളത്തിലെ ഏഴുലക്ഷം വ്യാപ്യാരികളാണ് കൊക്കകോള, പെപ്‌സി വില്‍പ്പന അവസാനിപ്പിക്കുന്നത്. പകരം നാടന്‍ പാനീയങ്ങള്‍ വില്‍ക്കും. വരുന്ന ചൊവ്വാഴ്ച മുതല്‍ കേരളത്തിലെ കടകളില്‍ കൊക്കകോള, പെപ്‌സി എന്നിവ ഉണ്ടാകില്ലെന്നും വ്യാപ്യാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.ശീതളപാനീയ കമ്പനികള്‍ വലിയ തോതില്‍ ജലചൂഷണം നടത്തുന്നത് കേരളത്തില്‍ വരള്‍ച്ചയ്ക്ക് കാരണമാകുന്നതായും ഇതാണ് തീരുമാനത്തിന് പിന്നിലെന്നും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി അധ്യക്ഷന്‍ ടി. നസ്‌റുദ്ദീന്‍ അറിയിച്ചു. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പിന്തുണ തേടുമെന്നും ജലചൂഷണത്തിനെതിരെയുളള പോരാട്ടത്തില്‍ അണിനിരക്കുമെന്നും  ടി നസറുദിന്‍ പറഞ്ഞു.ഈ മാസം ഒന്നുമുതലാണ് തമിഴ്‌നാട്ടില്‍ കോള, പെപ്‌സി ഉള്‍പ്പെടെയുള്ള പാനീയങ്ങളുടെ വില്‍പ്പന പൂര്‍ണമായും അവസാനിപ്പിച്ചത്. തമിഴ്‌നാട് വ്യാപാരി സംഘടനകളുടെ നിലപാടിനെ കയ്യടികളോടെയാണ് ജനം വരവേറ്റത്. പിന്നാലെയാണ് കേരളത്തിലും ഇവയുടെ വില്‍പ്പന അവസാനിപ്പിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.